Monday, April 27, 2026

ജിമ്മി കിമ്മലിന്റെ വിവാദ പരാമർശം; കടുത്ത ഭാഷയിൽ പ്രതികരിച്ച് മെലാനിയ ട്രംപ്

വാഷിങ്‌ൺ ഡിസി: പ്രശസ്ത അമേരിക്കൻ ടോക്ക് ഷോ അവതാരകൻ ജിമ്മി കിമ്മലിന്റെ വിവാദ തമാശയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ മെലാനിയ ട്രംപ് രംഗത്ത്. മെലാനിയയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിധവ എന്ന്‌ വിശേഷിപ്പിച്ച കിമ്മലിന്റെ നടപടിക്കെതിരെ അദ്ദേഹത്തിന്റെ സംപ്രേക്ഷണ ശൃംഖലയായ എബിസി കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത പരിപാടിയിലാണ് കിമ്മൽ ഈ പരാമർശം നടത്തിയത്. ഡിന്നറിൽ പങ്കെടുക്കാനെത്തിയ മെലാനിയയെ പരിഹസിച്ചുകൊണ്ട്, അവർക്ക് ഒരു വിധവയു‌ടെ തിളക്കമുണ്ടെന്നായിരുന്നു കിമ്മലിന്റെ വാക്കുകൾ. കിമ്മലിൻ്റെ പരിഹാസത്തിനുശേഷം രണ്ടുദിവസത്തിനുള്ളിൽ തന്നെ ശനിയാഴ്ച നടന്ന കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ ട്രംപ് ഭരണകൂടത്തിലെ അംഗങ്ങളെ ലക്ഷ്യമിട്ട് വെടിവയ്പ്പ് നടന്നതിൻ്റെ പശ്ചാത്തലത്തിൽ കിമ്മലിന്റെ വാക്കുകൾ അങ്ങേയറ്റം അപകടകരമാണെന്നും മെലാനിയ ചൂണ്ടിക്കാട്ടി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു മെലാനിയ തുറന്നടിച്ചത്. കിമ്മലിന്റെ വാക്കുകൾ തമാശയല്ലെന്നും അത് അങ്ങേയറ്റം വിദ്വേഷം നിറഞ്ഞതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണെന്ന് അവർ പറഞ്ഞു. ഇത്തരം ക്രൂരമായ പെരുമാറ്റത്തിന് എബിസി നേതൃത്വം എത്രകാലം ഒത്താശ ചെയ്യുമെന്ന് അവർ ചോദിച്ചു. ഓരോ വൈകുന്നേരവും വീടുകളിൽ വിദ്വേഷം പടർത്താൻ കിമ്മലിനെപ്പോലുള്ളവർക്ക് അവസരം നൽകരുതെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ, യാഥാസ്ഥിതിക സ്വാധീനശക്തിയുള്ള ചാർലി കിർക്കിന്റെ കൊലപാത കത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളെത്തുടർന്ന് സെപ്റ്റംബറിൽ കിമ്മലിനെ എബിസി സംപ്രേക്ഷണത്തിൽ നിന്ന് താൽക്കാലികമായി നീക്കിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. കഴിഞ്ഞ ശനിയാഴ്ച ഒരു പരിപാടിക്കിടെ 31-കാരൻ വെടിയുതിർത്തത് വലിയ സുരക്ഷാ ആശങ്കകൾക്ക് ഇ‌ടയാക്കിയിട്ടുണ്ട്‌. സംഭവത്തെ ത്തുടർന്ന് ഡോണൾഡ് ട്രംപിനെയും മെലാനിയയെയും സുരക്ഷാ ഉദ്യോഗസ്ഥർ അവിടെനിന്ന് മാറ്റുകയായിരുന്നു. തന്റെ ഭാര്യയ്ക്ക് ഈ സംഭവം വലിയ ആഘാത മുണ്ടാക്കിയെന്ന് ട്രംപ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേ സമയം കിമ്മലിന്റെ പരാമർശത്തിൽ എബിസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ കിമ്മലിനെ ഷോയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!