പ്യോങ്‌യാങ്: ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാനെത്തിയ ഉത്തരകൊറിയൻ സൈനികർക്കിടയിലെ ‘സ്വയം സ്‌ഫോടന’ (Self-Explosion) നയം ആഗോളതലത്തിൽ ചർച്ചയാകുന്നു. യുദ്ധക്കളത്തിൽ ശത്രുക്കളുടെ പിടിയിലകപ്പെടുന്നതിന് മുൻപ് സ്വന്തം ജീവൻ അവസാനിപ്പിക്കണമെന്ന കിം ജോങ് ഉന്നിന്റെ കർശന നിർദ്ദേശം നടപ്പിലാക്കിയ സൈനികരെ അദ്ദേഹം ഞായറാഴ്ച പ്രശംസിച്ചു.
ഉക്രെയ്ൻ സൈന്യത്തിന്റെ പിടിയിലാകുമെന്ന് ഉറപ്പായാൽ കീഴടങ്ങുന്നതിന് പകരം കൈവശമുള്ള സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കാനാണ് ഉത്തരകൊറിയൻ സൈനികർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. രാജ്യത്തിന്റെ രഹസ്യങ്ങൾ ചോരാതിരിക്കാനും ‘ദേശീയ ബഹുമതി’ സംരക്ഷിക്കാനുമാണ് ഈ ക്രൂരമായ തന്ത്രം ഉപയോഗിക്കുന്നത്.

മഹത്തായ ബഹുമതി സംരക്ഷിക്കാൻ വേണ്ടിയുള്ള ചരിത്രപരമായ മരണം എന്നാണ് ഇത്തരത്തിൽ ജീവൻ വെടിഞ്ഞവരെ കിം ജോങ് ഉൻ വിശേഷിപ്പിച്ചത്. പ്രതിഫലം ആഗ്രഹിക്കാതെ വീരമൃത്യു വരിച്ചവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ മരിച്ച സൈനികരുടെ ഓർമ്മയ്ക്കായി പ്യോങ്‌യാങ്ങിൽ ഒരു സ്മാരക മ്യൂസിയം ഉദ്ഘാടനം ചെയ്തു. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും കിം ജോങ് ഉന്നും ചേർന്നാണ് ഇത് തുറന്നത്.
റഷ്യയിലെ കുർസ്ക് മേഖല മോചിപ്പിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങുകൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് ചടങ്ങിൽ നേതാക്കൾ പ്രതിജ്ഞയെടുത്തു. പിടിക്കപ്പെട്ട ഒരു ഉത്തരകൊറിയൻ സൈനികന്റെ മൊഴിയിലും ഉക്രേനിയൻ ഇന്റലിജൻസ് റിപ്പോർട്ടുകളിലും ഇത്തരമൊരു ‘ആത്മഹത്യാ’ നിർദ്ദേശം സൈനികർക്ക് നൽകിയിരുന്നതായി നേരത്തെ വ്യക്തമാക്കിയിരുന്നു. കീഴടങ്ങുന്നതിനെക്കാൾ വലിയ നേട്ടമായി മരണത്തെ കാണുന്ന ഉത്തരകൊറിയയുടെ ഈ യുദ്ധതന്ത്രം അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.
