ആന്ധ്രയിലെ വിശാഖപട്ടണത്ത് രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 1.6 ലക്ഷം കോടി രൂപ (17 ബില്യണ്‍ ഡോളര്‍) നിക്ഷേപത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗൂഗിള്‍ ആന്ധ്രയില്‍ പ്രഖ്യാപിച്ച ഒരു ജിഗാവാട്ട് ഡാറ്റാ സെന്ററിനേക്കാള്‍ വലിയ ശേഷിയുള്ള പദ്ധതിയാണിത്. 1,016 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രത്തിന്റെ ആകെ ശേഷി 1.5 ജിഗാവാട്ടായിരിക്കും.
പദ്ധതിയുടെ ഭാഗമായി പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്കായി മാത്രം 51,300 കോടി രൂപയാണ് റിലയന്‍സ് മാറ്റിവെച്ചിരിക്കുന്നത്. ഇതിനായി 9,000 മെഗാവാട്ട് ഡിസി പാനല്‍ ശേഷിയുള്ള സോളാര്‍ പ്ലാന്റും തടസ്സമില്ലാത്ത പ്രവര്‍ത്തനത്തിനായി ബാറ്ററി സ്റ്റോറേജ് സംവിധാനവും ഉണ്ടാകും. വിശാഖപട്ടണത്തെ പൊളിപ്പള്ളിയില് 2028 ഒക്ടോബറോടെ ആദ്യ ഘട്ടം പ്രവര്‍ത്തനക്ഷമമാകും. രണ്ടാം ഘട്ടം 2030-ഓടെ ഭോഗാപുരത്ത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ‘ഡാറ്റാ സെന്റര്‍ പോളിസി 4.0’ പ്രകാരമുള്ള ആനുകൂല്യങ്ങളും പദ്ധതിക്ക് ലഭിക്കും. റിലയന്‍സിന് പുറമെ ഗൂഗിള്‍, ആര്.എം.സെഡ് (RMZ), സിഫി തുടങ്ങിയ കമ്പനികളുടെ നിക്ഷേപം കൂടി എത്തുന്നതോടെ വിശാഖപട്ടണം ഏഷ്യയിലെ തന്നെ പ്രധാന ഡിജിറ്റല്‍ ഹബായി മാറും. സംസ്ഥാനത്ത് ആകെ ആറ് ജിഗാവാട്ട് ഹോസ്റ്റിംഗ് ശേഷിയാണ് ഐടി മന്ത്രാലയം ലക്ഷ്യമിടുന്നത്.
