മൺട്രിയോൾ: കെബെക്കിലെ ഡോക്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 350 പേരുടെ വർധന ഉണ്ടായതായി കെബെക്ക് കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ പുതിയ (CMQ) റിപ്പോർട്ട്. 2026 മാർച്ച് 31-ലെ കണക്കുപ്രകാരം, പ്രവിശ്യയിൽ 23,288 ഡോക്ടർമാർ സജീവമായി സേവനമനുഷ്ഠിക്കുന്നുണ്ട്. പ്രവിശ്യയിലെ മിക്ക മേഖലകളിലും ഡോക്ടർമാരുടെ എണ്ണം വർദ്ധിച്ചപ്പോൾ Abitibi-Témiscamingue, ലോവർ സെന്റ് ലോറൻസ്, Gaspé Peninsula-Magdalen എന്നീ മൂന്ന് മേഖലകളിൽ മാത്രം ഡോക്ടർമാരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി.

മൺട്രിയോളാണ് പുതിയ ഡോക്ടർമാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത്. നിലവിൽ കെബെക്കിലെ ഡോക്ടർമാരിൽ 56 ശതമാനവും സ്ത്രീകളാണ്. മെഡിക്കൽ വിദ്യാർത്ഥികളിൽ 67 ശതമാനവും സ്ത്രീകളായതിനാൽ, ഭാവിയിൽ ഈ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഇനിയും വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ, വിദേശത്ത് നിന്ന് പരിശീലനം നേടി എത്തിയ 2,504 ഡോക്ടർമാർ ഇപ്പോൾ കെബെക്കിലെ ആരോഗ്യമേഖലയുടെ ഭാഗമാണ്. അതേസമയം, സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായതായും റിപ്പോർട്ടിലെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
