ടൊറന്റോ: കാനഡയിലെ ടെലികോം, ഇന്റർനെറ്റ്, ടിവി സേവനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതികളിൽ ഈ വർഷം വൻ വർദ്ധനവ്. സി.സി.ടി.എസ് (CCTS) പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ആറു മാസത്തിനിടെ പരാതികൾ 61 ശതമാനം വർദ്ധിച്ചു. വയർലെസ് സേവനങ്ങളെക്കുറിച്ചുള്ള പരാതികളാണ് കൂടുതലും ഉയർന്നിരിക്കുന്നത്. പ്രധാനമായും ഇൻസ്റ്റാളേഷൻ ചാർജ്, അമിത ബില്ലിങ്, റോമിങ് ഫീസുകൾ എന്നിവയാണ് ഉപഭോക്താക്കളെ ചൊടിപ്പിക്കുന്നത്.
ബില്ലുകളിൽ വരുത്തുന്ന തെറ്റായ ചാർജുകൾ സംബന്ധിച്ച പരാതികൾ 66 ശതമാനം വർദ്ധിച്ചത് ഗൗരവകരമാണ്. ഉപഭോക്താക്കൾ തങ്ങളുടെ ബില്ലുകൾ കൃത്യമായി പരിശോധിച്ച്, കരാറിൽ പറഞ്ഞ തുകയല്ല ഈടാക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് സി.സി.ടി.എസ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സേവനം തുടങ്ങുമ്പോഴും മാറ്റുമ്പോഴും ഈടാക്കുന്ന അപ്രതീക്ഷിത ഫീസുകൾ ഉപഭോക്താക്കളുടെ വിശ്വാസത്തെ ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ടെലികോം റെഗുലേറ്ററായ സി.ആർ.ടി.സി (CRTC) പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. സേവനങ്ങൾ റദ്ദാക്കുമ്പോഴോ മാറ്റുമ്പോഴോ അനാവശ്യ ഫീസുകൾ ഈടാക്കുന്നത് ജൂൺ 12 മുതൽ നിരോധിക്കും. പരാതികളുടെ പട്ടികയിൽ റോജേഴ്സ്, ബെൽ, ടെലുസ് എന്നീ കമ്പനികളാണ് മുന്നിലുള്ളത്. എന്നാൽ, രാജ്യത്തെ വരിക്കാരുടെ എണ്ണവുമായി നോക്കുമ്പോൾ പരാതികൾ വളരെ കുറവാണെന്നും, ബോധവൽക്കരണ ക്യാമ്പുകൾ കാരണമാണ് പരാതികളുടെ എണ്ണം കൂടിയതെന്നും ടെലികോം അസോസിയേഷൻ പ്രതികരിച്ചു.
