ടൊറന്റോ: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാത്രി താപനില പൂജ്യം ഡിഗ്രിക്ക് അടുത്തേക്ക് താഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് എൻവയൺമെന്റ് കാനഡ. മഞ്ഞ് വെള്ളിയാഴ്ച പുലർച്ചെ വരെ തുടരുമെന്നും ഇത് കൃഷികൾക്ക് നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. മിസ്സിസാഗ, ബ്രാംപ്ടൺ, മാർക്കം, പിക്കറിങ്, ഓഷവ തുടങ്ങി ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (GTA) മിക്ക നഗരങ്ങളും ജാഗ്രതാ നിർദ്ദേശത്തിന്റെ പരിധിയിൽ വരുന്നുണ്ട്.

ഇന്ന് പകൽ താപനില 11 ഡിഗ്രി സെൽഷ്യസ് വരെ എത്തിയെങ്കിലും രാത്രിയോടെ അത് 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നേക്കും. വരും ദിവസങ്ങളിലും സമാനമായ തണുത്ത കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വെള്ളിയാഴ്ച 11 ഡിഗ്രിയും ശനിയാഴ്ച 10 ഡിഗ്രിയുമായിരിക്കും ശരാശരി താപനില. അടുത്ത ആഴ്ചയുടെ തുടക്കത്തോടെ താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടായേക്കാമെങ്കിലും അത് 15 ഡിഗ്രി സെൽഷ്യസിന് അടുത്തായി മാത്രമേ നിൽക്കുകയുള്ളൂ. വസന്തകാല ചൂട് അനുഭവപ്പെടാൻ മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ വസന്തകാലത്തെ കാത്തിരുന്ന കാനഡക്കാർക്ക് തണുപ്പിനെ നേരിടാൻ കുറച്ചുനാൾ കൂടി ജാഗ്രത തുടരേണ്ടി വരും.
