ഓട്ടവ: കാനഡ പോസ്റ്റ് വഴി അയക്കുന്ന മെയിലുകൾ, പാഴ്സലുകൾ പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനും അധികൃതർക്ക് അധികാരം നൽകുന്ന സർക്കാരിന്റെ പുതിയ നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് കാനഡയുടെ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി അനന്തസംഗരി അറിയിച്ചു. ഈ അധികാരം തപാൽ വകുപ്പ് ജീവനക്കാർക്ക് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ പുതിയ അതിർത്തി സുരക്ഷാ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പരിഷ്കാരം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമാണ്.
കാനഡ പോസ്റ്റ് വഴി അയക്കുന്ന 500 ഗ്രാമിൽ താഴെ ഭാരമുള്ള പാക്കറ്റുകൾ തുറന്ന് പരിശോധിക്കുന്നതിൽ നിലവിലുള്ള നിയമതടസ്സങ്ങൾ നീക്കം ചെയ്യാനാണ് ഈ പുതിയ നിയമം ലക്ഷ്യമിടുന്നത്. നിലവിലെ നിയമത്തിലെ ഈ പഴുതുകൾ ഉപയോഗപ്പെടുത്തി ലഹരി മാഫിയകൾ ഫെന്റനൈൽ പോലുള്ള മാരക മയക്കുമരുന്നുകൾ ചെറിയ അളവിൽ തപാൽ വഴി അയക്കുന്നത് വ്യാപകമായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കാൻ പുതിയ അധികാരം പൊലീസിനെ സഹായിക്കും.

ആദ്യത്തെ നിയമപ്രകാരം തപാൽ ജീവനക്കാർക്കും പരിശോധനയ്ക്ക് അനുമതി നൽകാൻ ആലോചിച്ചിരുന്നെങ്കിലും, പുതിയ പതിപ്പിൽ അത് പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതപ്പെടുത്തി. എന്നിരുന്നാലും, ഒരു പാക്കറ്റ് തുറന്ന് പരിശോധിക്കുന്നതിന് പൊലീസിന് കൃത്യമായ വാറണ്ട് ആവശ്യമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓൺലൈൻ വിവരങ്ങൾ പരിശോധിക്കാനുള്ള പൊലീസിന്റെ അധികാരം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള മറ്റ് നിയമപരിഷ്കാരങ്ങളും സർക്കാർ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.
