ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ മേഖലയില്‍ വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തി ആപ്പിള്‍ ഐഫോണ്‍ കയറ്റുമതി ചരിത്രനേട്ടം കൈവരിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഐഫോണ്‍ കയറ്റുമതി രണ്ട് ലക്ഷം കോടി രൂപ എന്ന റെക്കോര്‍ഡ് മൂല്യത്തിലേക്ക് എത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഉല്‍പ്പാദന അനുബന്ധ ഇളവ് (PLI) പദ്ധതിയുടെ അവസാന വര്‍ഷത്തിലാണ് ഈ വലിയ നേട്ടം ആപ്പിള്‍ സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. 2025 ഏപ്രില്‍ മുതല്‍ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഐഫോണ്‍ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 കാലയളവില്‍ വെറും 9,351 കോടി രൂപ മാത്രമായിരുന്ന കയറ്റുമതിയാണ് ഇപ്പോള്‍ രണ്ട് ലക്ഷം കോടിയിലെത്തി നില്‍ക്കുന്നത്. ടാറ്റാ ഇലക്ട്രോണിക്സ്, ഫോക്സ്കോണ്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇന്ത്യയിലെ നിര്‍മ്മാണ രംഗത്ത് ശക്തമായ സാന്നിധ്യമായതാണ് ഈ വളര്‍ച്ചയ്ക്ക് വേഗം കൂട്ടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) 1.50 ലക്ഷം കോടി രൂപയായിരുന്നു കയറ്റുമതി മൂല്യം. നിലവില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഏറ്റവും വലിയ സിംഗിള്‍ ബ്രാന്‍ഡായി ഐഫോണ്‍ മാറിയിരിക്കുകയാണ്.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ആകെ സ്മാര്‍ട്ട്ഫോണുകളുടെ മൂല്യം 2.6 ലക്ഷം കോടി രൂപയാണ്. ഇതില്‍ ഏകദേശം 75 ശതമാനവും ഐഫോണുകളാണ് എന്നത് ആപ്പിളിന് ഇന്ത്യന്‍ വിപണിയിലുള്ള മേധാവിത്വം വ്യക്തമാക്കുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ വന്‍ വിജയമായി ഈ നേട്ടത്തെ വിലയിരുത്താം. നിലവില്‍ 40-ഓളം ഇന്ത്യന്‍ കമ്പനികള്‍ ആപ്പിളിന്റെ വിതരണ ശൃംഖലയുമായി സഹകരിക്കുന്നുണ്ട്. സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ രംഗത്ത് ചൈനയ്ക്ക് ബദലായി ഇന്ത്യയെ ഒരു ആഗോള ഹബ്ബാക്കി മാറ്റുന്നതില്‍ ഈ മുന്നേറ്റം നിര്‍ണ്ണായക പങ്കുവഹിക്കുന്നു.
