ഓട്ടവ: വിമാനയാത്രക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്ന വിമാനക്കമ്പനികൾക്കെതിരെയുള്ള പിഴത്തുക കുത്തനെ കൂട്ടാൻ ഫെഡറൽ സർക്കാർ. ആവർത്തിച്ച് നിയമലംഘനം നടത്തുന്ന വിമാനക്കമ്പനികൾക്ക് നൽകാവുന്ന പരമാവധി പിഴ നിലവിലുള്ളതിന്റെ നാലിരട്ടിയാക്കി, അതായത് ഒരു മില്യൺ ഡോളറായി വർദ്ധിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. വിമാനക്കമ്പനികൾക്ക് പിഴ ചുമത്തുന്നത് അവസാനത്തെ വഴിയാണെങ്കിലും നിലവിലെ സംവിധാനം കാര്യക്ഷമമല്ലെന്ന് ഗതാഗത മന്ത്രി സ്റ്റീവൻ മക് കിനോൺ പറഞ്ഞു.
കാനഡയിൽ വിമാനയാത്രക്കാരുടെ പരാതികൾ കൈകാര്യം ചെയ്യുന്ന കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസി (CTA) നിലവിൽ വലിയ പ്രതിസന്ധിയിലാണ്. യാത്രക്കാരുടെ പരാതികളിന്മേൽ തീർപ്പുകൽപ്പിക്കാൻ ഏകദേശം 97,000-ത്തിലധികം കേസുകളാണ് ഇപ്പോൾ ഏജൻസിക്ക് മുന്നിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ വർഷം ചട്ടങ്ങൾ ലംഘിച്ച വിമാനക്കമ്പനികളിൽ നിന്ന് 1.4 മില്യൺ ഡോളർ പിഴയായി ഈടാക്കാൻ ഏജൻസി ഉത്തരവിട്ടിരുന്നു. യാത്രക്കാർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ചും അവർക്ക് ലഭിക്കേണ്ട പരിഗണനയെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ നൽകാത്തതിനാണ് കഴിഞ്ഞ മാസം മൂന്ന് വിമാനക്കമ്പനികൾക്കായി 87,400 ഡോളർ പിഴ ചുമത്തിയത്.

പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ഈ നടപടികൾ ഒരു സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. വിമാനക്കമ്പനികൾക്ക് വലിയ തുക പിഴയായി നൽകേണ്ടി വരുന്നത് യാത്രക്കാരോടുള്ള അവരുടെ സേവനം മെച്ചപ്പെടുത്താൻ കാരണമാകുമെന്നാണ് സർക്കാർ കരുതുന്നത്. പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
