ഹാലിഫാക്സ്: നഗരത്തിൽ അഭയകേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് കൂടുതൽ ഭക്ഷണം നൽകാനായി പ്രതിവർഷം ഒരു മില്യൺ ഡോളർ അധികമായി അനുവദിച്ച് നോവസ്കോഷ സർക്കാർ. പ്രീമിയർ ടിം ഹൂസ്റ്റൺ പ്രഖ്യാപിച്ച ഈ പുതിയ പദ്ധതി പ്രകാരം, ഷെൽട്ടറുകളിൽ കഴിയുന്നവർക്ക് ഇനി മുതൽ ദിവസവും രണ്ട് നേരത്തെ ഭക്ഷണം ലഭിക്കും. ഏകദേശം 1,43,000 ഭക്ഷണപ്പൊതികൾ ഓരോ വർഷവും ഈ തുക ഉപയോഗിച്ച് അധികമായി നൽകാൻ കഴിയുമെന്ന് സർക്കാർ അറിയിച്ചു.
പ്രവിശ്യയിലെ 19 എമർജൻസി ഷെൽട്ടറുകളിലായി 15 സർവീസ് പ്രൊവൈഡർമാർ ചേർന്ന് 585 ബെഡുകളാണ് നിലവിൽ നിയന്ത്രിക്കുന്നത്. ഓരോ വ്യക്തിക്കും ഭക്ഷണത്തിനായി ദിവസം 14 ഡോളർ വീതമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പോഷകാഹാര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഷെൽട്ടറുകളിൽ തന്നെയാകും ഭക്ഷണം തയ്യാറാക്കി നൽകുക. ഭക്ഷണലഭ്യത ഉറപ്പാക്കുന്നത് അന്തേവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അവർക്ക് ജോലി കണ്ടെത്തുന്നതിലും മറ്റും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.

അതേസമയം, ഹാലിഫാക്സ് നഗരത്തിൽ ഭവനരഹിതരുടെ എണ്ണം വർദ്ധിക്കുന്നത് വലിയ പ്രതിസന്ധിയായി തുടരുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1,150-ഓളം ആളുകൾ ഇവിടെ ഭവനരഹിതരായി കഴിയുന്നുണ്ട്. ഇതിൽ പലരും തെരുവുകളിലും പാർക്കുകളിലുമാണ് താമസിക്കുന്നത്. ഇതിനുപുറമെ കുട്ടികളും യുവാക്കളുമടക്കം നിരവധി പേർ വിവിധ താൽക്കാലിക കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ പുതിയ നീക്കം വലിയൊരു വിഭാഗത്തിന് ആശ്വാസമാകും.
