മുംബൈ: ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായ മുന്നേറ്റം തുടരുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക അസ്ഥിരതയും നിലനില്‍ക്കുമ്പോഴും ആഭ്യന്തര വിപണിയില്‍ ദൃശ്യമാകുന്ന ഉണര്‍വ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് സൂചിപ്പിക്കുന്നു. വാഹന വിപണിയിലെ കുതിപ്പും ഡിജിറ്റല്‍ ഇടപാടുകളിലെ വര്‍ദ്ധനവും നികുതി വരുമാനത്തിലെ റെക്കോര്‍ഡ് നേട്ടവും ഈ വളര്‍ച്ചയ്ക്ക് അടിവരയിടുന്നു.
ഈ വര്‍ഷം ഏപ്രിലില്‍ രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ 25 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. പുതിയ മോഡലുകളുടെ വിപണിയിലേക്കുള്ള വരവും ഉപഭോക്താക്കളുടെ ഉയര്‍ന്ന വാങ്ങല്‍ ശേഷിയുമാണ് ഈ മേഖലയിലെ ഉണര്‍വിന് പ്രധാന കാരണമായത്. സാധാരണക്കാര്‍ക്കിടയില്‍ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ക്കുണ്ടായ സ്വീകാര്യതയും വിപണിക്ക് കരുത്തേകുന്നു. യുപിഐ ഇടപാടുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വളര്‍ച്ചയുണ്ടായത് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തിന്റെ നികുതി വരുമാനത്തിലും ചരിത്രപരമായ മുന്നേറ്റമാണ് ഇത്തവണ ഉണ്ടായത്. ഏപ്രിലില്‍ ജിഎസ്ടി ഇനത്തില്‍ മാത്രം 2.43 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.7 ശതമാനം വര്‍ദ്ധനവാണ് ഈ മേഖലയില്‍ ഉണ്ടായത്. ബിസിനസ് രംഗത്തെ സുതാര്യതയും ശക്തമായ ആഭ്യന്തര ഡിമാന്‍ഡും ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സുസ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
