ഓട്ടവ: കാനഡയിലെ കൗമാരക്കാര്‍ക്കിടയില്‍ തീവ്രവാദ സ്വഭാവമുള്ള ആശയങ്ങള്‍ വര്‍ധിക്കുന്നതായി കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിന്റെ (CSIS) റിപ്പോര്‍ട്ട്. 2025-ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, ഏജന്‍സി നടത്തുന്ന ഭീകരവിരുദ്ധ അന്വേഷണങ്ങളില്‍ പത്തിലൊന്ന് കേസുകളിലും 18 വയസ്സില്‍ താഴെയുള്ളവര്‍ ഉള്‍പ്പെടുന്നുണ്ട്. വെറും 13 വയസ്സ് മാത്രമുള്ള കുട്ടികള്‍ വരെ ഇത്തരം തീവ്രവാദ ഗ്രൂപ്പുകളുടെ വലയില്‍ വീഴുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ മാധ്യമങ്ങളുടെയും അമിതമായ സ്വാധീനമാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍, എന്‍ക്രിപ്റ്റഡ് മെസ്സേജിങ് ആപ്പുകള്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി കുട്ടികള്‍ ഇത്തരം അപകടകരമായ ഉള്ളടക്കങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടുന്നു. തീവ്ര മതമൗലികവാദവും മറ്റ് വിനാശകരമായ ആശയങ്ങളും ഇത്തരത്തില്‍ കുട്ടികളിലേക്ക് പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഭീകരവിരുദ്ധ അന്വേഷണങ്ങളുടെ ഭാഗമായി കാനഡയില്‍ നിരവധി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് അറസ്റ്റിലായത്. ഈ മാസം ആദ്യം ഒട്ടാവയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (IS) ആശയങ്ങളില്‍ ആകൃഷ്ടനായി ജൂത സമൂഹത്തിന് നേരെ ആക്രമണത്തിന് പദ്ധതിയിട്ട ഒരു കൗമാരക്കാരനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.
