മൺട്രിയോൾ: കെബെക്കിലെ ആരോഗ്യ മേഖലയെ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ‘ഡിജിറ്റൽ ഹെൽത്ത് റെക്കോർഡ്’ (DSN) ശനിയാഴ്ച മുതൽ രണ്ട് മേഖലകളിൽ (CIUSSS) നടപ്പിലാക്കുമെന്ന് പ്രീമിയർ ക്രിസ്റ്റീൻ ഫ്രെഷെറ്റ്. 2026-ലും ആരോഗ്യരംഗത്ത് ഫാക്സ് മെഷീനുകളെ ആശ്രയിക്കുന്നത് ശരിയല്ലെന്നും ഈ മാറ്റം ഇനി വൈകിപ്പിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. Mauricie-et-du-Centre-du-Québec, Nord-de-l’Île-de-Montréal എന്നീ രണ്ട് സ്ഥലങ്ങളിലാണ് പൈലറ്റ് പ്രോജക്റ്റായി ഇത് ആദ്യം തുടങ്ങുന്നത്.
പുതിയ സംവിധാനം തുടങ്ങുമ്പോൾ ആദ്യഘട്ടത്തിൽ ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് പ്രീമിയർ സമ്മതിച്ചു. എങ്കിലും നേരത്തെ വാഹന ഇൻഷുറൻസ് മേഖലയിൽ (SAAQ) ഉണ്ടായതുപോലെയുള്ള വലിയ പരാജയങ്ങൾ ആവർത്തിക്കില്ലെന്ന് അവർ ഉറപ്പുനൽകി. വെല്ലുവിളികൾ ഉണ്ടെങ്കിലും ഈ മാറ്റം അത്യാവശ്യമാണെന്നും മറ്റ് പല രാജ്യങ്ങളും ഇത് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും ക്രിസ്റ്റീൻ ഫ്രെഷെറ്റ് വ്യക്തമാക്കി. സുരക്ഷാ മുൻകരുതലുകൾ എടുത്തായിരിക്കും പദ്ധതിയുമായി മുന്നോട്ട് പോകുകയെന്നും അവർ അറിയിച്ചു.

രോഗികളുടെ വിവരങ്ങൾ തത്സമയം കാണാനും പുതുക്കാനും ഡോക്ടർമാരെ സഹായിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 1.5 ബില്യൺ മുതൽ 3 ബില്യൺ ഡോളർ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിവര ചോർച്ച ഉണ്ടാകുമോ എന്ന കാര്യത്തിൽ പ്രതിപക്ഷവും ചില വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഡാറ്റാ സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. മെയ് 9 മുതൽ ഇത് പ്രവർത്തനം തുടങ്ങുന്നതോടെ ചില സേവനങ്ങളിൽ താൽക്കാലികമായി കുറവുണ്ടായേക്കാം.
