Monday, May 4, 2026

ലിബറൽ പാർട്ടിയിൽ ചേരാൻ സമ്മർദ്ദം; വെളിപ്പെടുത്തലുമായി കൺസർവേറ്റീവ് എം.പി കെല്ലി ഡിറിഡർ

ടൊറന്റോ: ഭരണകക്ഷിയായ ലിബറൽ പാർട്ടി തന്നെ കൂറുമാറ്റാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി വാട്ടർലൂ റീജിനലിലെ കൺസർവേറ്റീവ് എം.പി കെല്ലി ഡിറിഡർ രംഗത്ത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെയാണ് തന്നെ ലക്ഷ്യമിട്ട് ആസൂത്രിതമായ സമ്മർദ്ദ തന്ത്രങ്ങൾ നടന്നതെന്ന് അവർ വെളിപ്പെടുത്തി. പുതിയ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച ഫോൺ കോളിലൂടെയാണ് പാർട്ടി മാറാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചതെന്ന് 570 ന്യൂസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ കെല്ലി വ്യക്തമാക്കി.

ആദ്യം ഭീഷണിയും പിന്നീട് പ്രലോഭനവുമാണ് ലിബറൽ പ്രതിനിധികൾ സ്വീകരിച്ചതെന്ന് എം.പി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ ലിബറൽ-ഗ്രീൻ പാർട്ടികൾ സംയുക്തമായി സ്ഥാനാർത്ഥിയെ നിർത്തി തന്നെ പരാജയപ്പെടുത്തുമെന്ന് അവർ ഭീഷണിപ്പെടുത്തി. അത് ഫലിക്കാതെ വന്നതോടെ, സയൻസ് ആൻഡ് റിസർച്ച് കമ്മിറ്റിയിലെ തന്റെ മികച്ച പ്രവർത്തനങ്ങളെ പുകഴ്ത്താനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിലുള്ള തന്റെ നിലപാടുകൾ ലിബറൽ പാർട്ടിക്കാണ് കൂടുതൽ അനുയോജ്യമെന്ന് പ്രലോഭിപ്പിക്കാനും ശ്രമം നടന്നു. എന്നാൽ തന്നെ വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കാൻ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കി താൻ ആ ഓഫർ നിരസിക്കുകയായിരുന്നുവെന്ന് കെല്ലി കൂട്ടിച്ചേർത്തു.

തന്നോട് സംസാരിച്ച വ്യക്തിയുടെ പേരോ പദവിയോ വെളിപ്പെടുത്താൻ കെല്ലി തയ്യാറായില്ലെങ്കിലും, ഇത് ലിബറൽ പാർട്ടി നേതൃത്വത്തിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം നടന്ന നീക്കമാണെന്ന് അവർ ആരോപിച്ചു. വ്യക്തിപരമായ ബന്ധങ്ങൾ നിലനിർത്താനാണ് പേര് വെളിപ്പെടുത്താത്തതെന്ന് പറഞ്ഞ അവർ, ജനാധിപത്യത്തിൽ സർക്കാർ സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നും പ്രതിപക്ഷത്തെ കൂടെ ചേർത്ത് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!