ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു. ബുധനാഴ്ച മുതൽ പെട്രോളിന് ലിറ്ററിന് ഏഴ് സെന്റ് വീതം വർധിക്കുമെന്ന് എനർജി അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകി. നിലവിൽ ലിറ്ററിന് ശരാശരി 188 സെന്റ് നിരക്കിൽ ലഭ്യമായ ഇന്ധനത്തിന് നാളെയോടെ 195 സെന്റായി വില വർധിക്കും. വില വർധനവ് പ്രാബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് കാനഡ ഫോർ അഫോർഡബിൾ എനർജി പ്രസിഡന്റ് ഡാൻ മക്ടീഗ് നിർദ്ദേശിച്ചു.
ഇന്ധനവില വൈകാതെ തന്നെ ലിറ്ററിന് രണ്ട് ഡോളർ എന്ന പരിധി കടക്കാൻ സാധ്യതയുണ്ടെന്ന് ഡാൻ മക്ടീഗ് വ്യക്തമാക്കി. ഇറാനിൽ തുടരുന്ന സംഘർഷങ്ങൾ ആഗോള വിപണിയിൽ പ്രതിഫലിക്കുന്നതാണ് നിലവിലെ ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. വാഹനങ്ങൾ നിരത്തിലിറക്കുന്നത് അമിത ചിലവുള്ള കാര്യമാണെന്ന് ജനങ്ങൾക്ക് തോന്നിത്തുടങ്ങുന്ന നിലയിലേക്ക് ഇന്ധനവില ക്രമാനുഗതമായി ഉയർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

2022-ൽ ടൊറന്റോയിൽ ഇന്ധനവില ലിറ്ററിന് 215 സെന്റ് എന്ന റെക്കോർഡിൽ എത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ അത് താഴ്ന്നിരുന്നു. എന്നാൽ ഇത്തവണ വർധിക്കുന്ന വില ദീർഘകാലം മാറ്റമില്ലാതെ തുടരാനാണ് സാധ്യത. ഇന്ധനവില ഉയരുന്നതിനൊപ്പം വിതരണത്തിൽ ഉണ്ടാകാൻ ഇടയുള്ള കുറവും വരും ദിവസങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
