Thursday, May 7, 2026

ആകെ വോട്ടിനെ വെല്ലുന്ന ഭൂരിപക്ഷം; പിണറായിക്കും മുകളില്‍ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മലപ്പുറം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം. പിണറായി വിജയന് ധര്‍മടത്ത് ലഭിച്ച ആകെ വോട്ടിനോളം (85,614) വരുന്ന ഭൂരിപക്ഷവുമായാണ് കുഞ്ഞാലിക്കുട്ടിയുടെ ചരിത്ര വിജയം. 1,31,632 വോട്ടുകള്‍ ആകെ നേടിയ അദ്ദേഹത്തിന് 85,327 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണ മട്ടന്നൂരില്‍ കെ.കെ. ശൈലജ നേടിയ 60,963 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഇതോടെ പഴങ്കഥയായത്.

മലപ്പുറം ജില്ലയില്‍ നിന്നുള്ള മറ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വന്‍ ഭൂരിപക്ഷമാണ് ഇത്തവണ സ്വന്തമാക്കിയത്. തിരൂരങ്ങാടിയില്‍ നിന്ന് വിജയിച്ച പി.എം.എ. സമീര്‍ 63,387 വോട്ടിന്റെ ഭൂരിപക്ഷവുമായി ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. കോട്ടക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ (62,638), മഞ്ചേരിയില്‍ എം. റഹ്‌മത്തുല്ല (57,887), കൊണ്ടോട്ടിയില്‍ ടി.പി. അഷ്‌റഫലി (56,017), നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് (54,851) എന്നിവരും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി.

യുഡിഎഫ് തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്ന് ചാണ്ടി ഉമ്മന്‍ 52,907 വോട്ടിന്റെയും, വള്ളിക്കുന്നില്‍ നിന്ന് ടി.വി. ഇബ്രാഹീം 51,289 വോട്ടിന്റെയും, തൃക്കാക്കരയില്‍ നിന്ന് ഉമ തോമസ് 50,211 വോട്ടിന്റെയും ഭൂരിപക്ഷം നേടി. മുഖ്യമന്ത്രി പിണറായി വിജയന് ധര്‍മടത്ത് 19,247 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇത്തവണ നേടാനായത്. യുഡിഎഫ് കേന്ദ്രങ്ങളിലെ ഈ വന്‍ ഭൂരിപക്ഷങ്ങള്‍ സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!