വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കുന്നതിനായി അമേരിക്ക ആവിഷ്‌കരിച്ച ‘പ്രോജക്ട് ഫ്രീഡം’ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാനുമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍ അന്തിമമാക്കുന്നതിനും ഔദ്യോഗിക കരാറുകളില്‍ ഒപ്പിടുന്നതിനുമുള്ള സാഹചര്യം ഒരുക്കുന്നതിനാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ നീക്കമെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം വെളിപ്പെടുത്തി.
പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം കൂടുതല്‍ ശക്തമായി തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഇറാന്റെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നയതന്ത്രപരമായ നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുകയാണ്.

യുഎഇക്ക് നേരെ വ്യോമാക്രമണം നടത്തിയെന്ന ആരോപണം ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫഗാരി നിഷേധിച്ചു. എന്നാല്‍, പേര്‍ഷ്യന്‍ കടലിടുക്കില്‍ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന സൈനിക വിമാനം കാണാതായത് മേഖലയില്‍ പുതിയ ആശങ്കകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. യുഎഇയിലെ അല്‍ ദഫ്റ വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബോയിങ് കെ.സി -135 സ്ട്രാറ്റോ ടാങ്കര്‍ വിമാനമാണ് റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിനായി തിരച്ചില്‍ തുടരുകയാണെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.
പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ അമേരിക്കന്‍ വിമാനം കാണാതായത് മേഖലയിലെ സൈനിക നീക്കങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയേക്കാം.
