Friday, May 8, 2026

ഹാന്റവൈറസ്: ആഡംബര കപ്പല്‍ സ്‌പെയിന്‍ തീരത്തേക്ക്; അതീവ സുരക്ഷയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍

ടെനറൈഫ്: ഹാന്റവൈറസ് ബാധയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എം.വി ഹോണ്ടിയസ് എന്ന ആഡംബര കപ്പല്‍ സ്‌പെയിനിലെ കാനറി ദ്വീപുകളിലേക്ക് അടുക്കുന്നു. കപ്പലിലുള്ള നൂറ്റിനാല്‍പ്പതിലധികം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ സ്പാനിഷ് അധികൃതര്‍ പൂര്‍ത്തിയാക്കി. ശനി അല്ലെങ്കില്‍ ഞായറാഴ്ചയോടെ കപ്പല്‍ ടെനറൈഫ് തീരത്തെത്തും. കപ്പലിലെ മൂന്ന് യാത്രക്കാര്‍ ഇതിനകം മരിച്ചതായും നിരവധി പേര്‍ക്ക് രോഗബാധയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

പൂര്‍ണ്ണമായും ഒറ്റപ്പെട്ടതും സുരക്ഷിതവുമായ മേഖലയിലായിരിക്കും കപ്പല്‍ അടുപ്പിക്കുകയെന്ന് സ്‌പെയിനിലെ എമര്‍ജന്‍സി സര്‍വീസസ് മേധാവി വിര്‍ജീനിയ ബാര്‍കോണ്‍സ് അറിയിച്ചു. കപ്പലിലുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി ആ രാജ്യങ്ങളുമായി ചേര്‍ന്ന് സ്‌പെയിന്‍ ഏകോപനം നടത്തുന്നുണ്ട്. അമേരിക്ക തങ്ങളുടെ 17 പൗരന്മാരെ കൊണ്ടുപോകാന്‍ പ്രത്യേക വിമാനം അയക്കും. ബ്രിട്ടീഷ് സര്‍ക്കാരും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ ചാര്‍ട്ടര്‍ വിമാനം സജ്ജമാക്കിയിട്ടുണ്ട്.

കാനഡയില്‍ മൂന്ന് പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ട് പേര്‍ കപ്പലില്‍ നിന്ന് നേരത്തെ ഇറങ്ങിയവരാണ്. ക്യൂബെക്കില്‍ നിന്നുള്ള മൂന്നാമത്തെ വ്യക്തിക്ക് രോഗബാധയുള്ള ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്നാണ് ഐസൊലേഷന്‍ നിര്‍ദ്ദേശിച്ചത്. ഇതിനിടെ, ബ്രിട്ടീഷ് ഓവര്‍സീസ് ടെറിട്ടറിയായ ട്രിസ്റ്റന്‍ ഡാ കുന്‍ഹയില്‍ (Tristan da Cunha) ഒരാള്‍ക്ക് കൂടി വൈറസ് ബാധ സംശയിക്കുന്നതായി യുകെ ആരോഗ്യ ഏജന്‍സി അറിയിച്ചു. വൈറസ് ബാധിച്ച മറ്റ് രണ്ട് ബ്രിട്ടീഷുകാര്‍ നെതര്‍ലന്‍ഡ്സിലും ദക്ഷിണാഫ്രിക്കയിലുമായി ചികിത്സയിലാണ്.

എലികളുടെ വിസര്‍ജ്യങ്ങളിലൂടെയും മറ്റും പകരുന്ന ഹന്തവൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തില്‍ പകരില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതിനാല്‍ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും, രോഗം കണ്ടെത്തുന്നതിന് മുന്‍പ് കപ്പലില്‍ നിന്ന് ഇറങ്ങിപ്പോയ യാത്രക്കാരെ കണ്ടെത്താനും നിരീക്ഷിക്കാനും നാല് ഭൂഖണ്ഡങ്ങളിലെ ആരോഗ്യ അധികൃതര്‍ ഊര്‍ജിതമായ ശ്രമം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!