ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് നടനും ടിവികെ അധ്യക്ഷനുമായ വിജയ് ഭരണത്തിലേക്ക്. കോണ്‍ഗ്രസ്, വിസികെ, സിപിഐ, സിപിഐ (എം) എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ തകര്‍ന്ന നിയമസഭയില്‍ വിജയ് കേവല ഭൂരിപക്ഷം മറികടന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായുള്ള ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ വിജയ് ശക്തമാക്കിയത്.
ഇന്ന് വൈകുന്നേരം നാലരയ്ക്ക് വിജയ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കത്തുകള്‍ സഹിതം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം അദ്ദേഹം ഔദ്യോഗികമായി ഉന്നയിച്ചു. ഇതിന് മുന്നോടിയായി പിന്തുണ നല്കുന്ന പാര്‍ട്ടികളുടെ സംയുക്ത പത്രസമ്മേളനവും ചെന്നൈയില്‍ നടന്നു. ഇതോടെ തമിഴ് മണ്ണില്‍ പുതിയൊരു രാഷ്ട്രീയ യുഗത്തിന് തുടക്കമാവുകയാണ്.

നിയമസഭയിലെ കണക്കുകള്‍ ഇപ്പോള്‍ വിജയ്ക്ക് അനുകൂലമാണ്. 234 അംഗ സഭയില്‍ ടിവികെയ്ക്ക് 107 എംഎല്‍എമാരുണ്ട്. ഇതിന് പുറമെ കോണ്‍ഗ്രസിന്റെ 5 പേരും സി.പി.ഐ, സി.പി.ഐ.എം പാര്‍ട്ടികളുടെ 2 വീതം എംഎല്‍എമാരും വിജയ്ക്ക് പിന്തുണ നല്കി. നിര്‍ണ്ണായകമായ വിടുതലൈ ചിരുതൈഗല്‍ കക്ഷിയുടെ (വി.സി.കെ.) 2 എംഎല്‍എമാരും പിന്തുണ പ്രഖ്യാപിച്ചതോടെ സഖ്യത്തിന്റെ ആകെ അംഗബലം 118 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ മാന്ത്രിക സംഖ്യയായ 118 വിജയ് ഇതോടെ ഉറപ്പിച്ചു.
നേരത്തെ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ വിജയ്യെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നില്ല. ഇതിനെതിരെ വലിയ രാഷ്ട്രീയ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗിച്ച് പിന്‍വാതിലിലൂടെ ഭരണം പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നേരിട്ട് ഇടപെട്ടാണ് വിസികെ, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരെ വിജയ് പാളയത്തില്‍ എത്തിച്ചത്.
