ഓട്ടവ: കനേഡിയൻ മിലിട്ടറി ഇന്റലിജൻസ് അനലിസ്റ്റ് മാസ്റ്റർ കോർപ്പറലായ ഷോൺ ഓർട്ടന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മിലിട്ടറി പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. ഷോൺ ഓർട്ടന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നിട്ടും മിലിട്ടറി പൊലീസ് നടപടികൾ വൈകിപ്പിച്ചുവെന്ന് കാണിക്കുന്ന ഫോൺ സംഭാഷണങ്ങളുടെ രേഖകളാണ് മിലിട്ടറി പൊലീസ് കംപ്ലയിന്റ്സ് കമ്മീഷൻ (MPCC) പുറത്തുവിട്ടത്. 2024 ഏപ്രിലിൽ നടന്ന സംഭവത്തിൽ, ഷോണിന്റെ മാനസികാവസ്ഥ മോശമാണെന്നും അദ്ദേഹത്തെ ഒന്ന് പോയി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ സാറ ഓർട്ടൻ രാവിലെ 9 മണിക്ക് തന്നെ പൊലീസിനെ വിളിച്ചിരുന്നു. എന്നാൽ ആറ് മണിക്കൂറിന് ശേഷം ഉച്ചയ്ക്ക് 3.30-നാണ് പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. താൻ ആത്മഹത്യ ചെയ്യുമെന്ന് ഷോൺ നേരിട്ട് പറഞ്ഞാൽ മാത്രമേ തങ്ങൾക്ക് ഇടപെടാൻ കഴിയൂ എന്ന നിലപാടാണ് സർജന്റ് മാത്യു യംഗ് സ്വീകരിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. യൂണിറ്റിലെ മറ്റ് നമ്പറുകളിൽ വിളിക്കാൻ പറഞ്ഞ് പൊലീസ് ആദ്യം ഒഴിഞ്ഞുമാറുകയായിരുന്നു.

പൊലീസ് എത്തുമ്പോൾ ഷോൺ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. ശരീരം ചൂടുള്ളതായിരുന്നുവെങ്കിലും മരിച്ചുവെന്ന് കരുതി മിലിട്ടറി ഓട്ടവ സിപിആർ (CPR) നൽകാൻ തയ്യാറായില്ല. എന്നാൽ 10 മിനിറ്റിന് ശേഷം എത്തിയ ഓട്ടവ സിവിൽ പൊലീസ് അദ്ദേഹത്തിന് സിപിആർ നൽകുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. തങ്ങൾ വെറും രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതെന്നും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമല്ലാതിരുന്നതും കാരണമാണ് നടപടികൾ വൈകിയതെന്നുമാണ് മിലിട്ടറി പൊലീസിന്റെ അഭിഭാഷകൻ വാദിക്കുന്നത്. കമ്മീഷന്റെ പൊതുവാദം മെയ് 15 വരെ തുടരും.
