ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ പുതിയ സർക്കാരിന്റെയും എംഎൽഎമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകളോടെ പുതിയൊരു രാഷ്ട്രീയ യുഗത്തിന് തുടക്കം. പ്രോടെം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ടിവികെ മന്ത്രിമാരും, ഡിഎംകെ നിയമസഭാ കക്ഷി നേതാവ് ഉദയനിധി സ്റ്റാലിൻ, എടപ്പാടി കെ. പളനിസാമി, ഒ. പനീർശെൽവം എന്നിവരും എംഎൽഎമാരായി ചുമതലയേറ്റു. തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖർ അണിനിരന്നതോടെ നിയമസഭ ഇനി ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വേദിയാകുമെന്ന് ഉറപ്പായി.
നാളെ നടക്കാനിരിക്കുന്ന സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പാണ് തമിഴ് രാഷ്ട്രീയം ഇപ്പോൾ ഉറ്റുനോക്കുന്നത്. കടുത്ത ആഭ്യന്തര കലഹം നേരിടുന്ന അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ ഭരണകക്ഷിയായ ടിവികെയെ പിന്തുണയ്ക്കുമോ എന്നതാണ് പ്രധാന ചോദ്യം. സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള 30 ഓളം എംഎൽഎമാർ വിജയ് സർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇവർ കൂടി പിന്തുണച്ചാൽ ടിവികെ സ്ഥാനാർഥിക്ക് 150 വോട്ടുകൾ വരെ ലഭിക്കാനിടയുണ്ട്, ഇത് അണ്ണാ ഡിഎംകെയുടെ പിളർപ്പ് പൂർണ്ണമാക്കാൻ കാരണമായേക്കും.

അതിനിടെ, മുഖ്യമന്ത്രി വിജയ്‌യും രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ഇൻസ്റ്റാഗ്രാം റീലുകൾ തടഞ്ഞ സംഭവത്തിൽ രാഷ്ട്രീയ വിവാദം പുകയുകയാണ്. റീലുകൾ ബ്ലോക്ക് ചെയ്തതിന് പിന്നിൽ കേന്ദ്രസർക്കാരാണെന്ന് കോൺഗ്രസ് ആരോപിച്ചെങ്കിലും കേന്ദ്രം ഇത് ശക്തമായി നിഷേധിച്ചു. സോഷ്യൽ മീഡിയയിലെ ഈ നടപടിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കേന്ദ്ര വൃത്തങ്ങളുടെ വിശദീകരണം. തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങൾ ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ വിവാദങ്ങൾ ഉടലെടുക്കുന്നത്.
