ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരം ലഭ്യമാണെന്നും പെട്രോളിയം മന്ത്രാലയം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചത്.
ഹോർമുസ് കടലിടുക്കിലെ അനിശ്ചിതാവസ്ഥയെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ഡോളറിലെത്തിയ പശ്ചാത്തലത്തിൽ, വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ജനങ്ങളുടെ സഹകരണം പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും ചരക്കുനീക്കത്തിന് റെയിൽവേയ്ക്ക് മുൻഗണന നൽകാനും അദ്ദേഹം നിർദ്ദേശിച്ചു.

സാമ്പത്തിക ഭദ്രത മുൻനിർത്തി അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കണമെന്നും സ്വർണ്ണ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, കൃഷിയിൽ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാനും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ്ജം ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ, ജനങ്ങളോട് നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നത് സർക്കാരിന്റെ പരാജയത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.
