വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിലെ വൻ പണിമുടക്കിന് ഒരുങ്ങി നഴ്സസ് യൂണിയൻ. ശമ്പള വർദ്ധനവ്, ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ വോട്ടെടുപ്പിൽ 98.2 ശതമാനം പേരും പണിമുടക്കിനെ അനുകൂലിച്ചു. യൂണിയൻ ചരിത്രത്തിലെ ഏറ്റവും വലിയ പിന്തുണയാണിത്. 50,000-ത്തിലധികം നഴ്സുമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനമെന്ന് ബി.സി. നഴ്സസ് യൂണിയൻ വ്യക്തമാക്കി.

അർഹമായ ബഹുമാനത്തിനും സുരക്ഷിതമായ തൊഴിൽ സാഹചര്യത്തിനും വേണ്ടി പോരാടാൻ നഴ്സുമാർ തയ്യാറാണെന്ന് യൂണിയൻ പ്രസിഡന്റ് അഡ്രിയാൻ ഗിയർ പറഞ്ഞു. വോട്ടെടുപ്പ് ഫലം വന്നതോടെ 72 മണിക്കൂർ മുൻകൂട്ടി നോട്ടീസ് നൽകി ഏതുസമയത്തും പണിമുടക്ക് ആരംഭിക്കാൻ നഴ്സുമാർക്ക് നിയമപരമായ അനുമതി ലഭിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താൻ ഈ ജനപിന്തുണ സഹായകമാകുമെന്നാണ് യൂണിയന്റെ പ്രതീക്ഷ.
