Tuesday, May 12, 2026

കെബെക്കിൽ എല്ലാവരും ‘ഡബിൾ ഹാപ്പി’; ജീവിതസംതൃപ്തിയിൽ ഒന്നാമത്, ആൽബർട്ട ഏറ്റവും പിന്നിൽ!: റിപ്പോർട്ട്

ഓട്ടവ: കാനഡയിലെ ജനങ്ങളുടെ ജീവിത സംതൃപ്തിയെക്കുറിച്ച് സ്റ്റാറ്റിസ്റ്റിക്സ് കാനഡ നടത്തിയ ഏറ്റവും പുതിയ സർവ്വേ ഫലങ്ങൾ പുറത്ത്. 2025-ന്റെ രണ്ടാം പാദത്തിൽ നടത്തിയ പഠനമനുസരിച്ച്, 46.1 ശതമാനം കാനഡക്കാരും തങ്ങളുടെ ജീവിതത്തിൽ ഉയർന്ന സംതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനങ്ങളുടെ ജീവിത നിലവാരത്തിലും സന്തോഷത്തിലും നേരിയ വർദ്ധനവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൂജ്യം മുതൽ പത്ത് വരെയുള്ള സ്കെയിലിൽ എട്ടോ അതിലധികമോ മാർക്ക് നൽകിയവരെയാണ് ഉയർന്ന സംതൃപ്തിയുള്ളവരായി കണക്കാക്കിയത്.

പ്രവിശ്യകൾ തിരിച്ചുള്ള കണക്കുകളിൽ കെബെക് ആണ് ഏറ്റവും മുന്നിൽ. ഇവിടുത്തെ 57.3 ശതമാനം ആളുകളും തങ്ങളുടെ ജീവിതത്തിൽ അതീവ സംതൃപ്തരാണ്. എന്നാൽ ജീവിത സംതൃപ്തി ഏറ്റവും കുറവുള്ള പ്രവിശ്യ ആൽബർട്ടയാണെന്ന് സർവ്വേ വ്യക്തമാക്കുന്നു. ആൽബർട്ടയിലെ 38.1 ശതമാനം ആളുകൾക്ക് മാത്രമാണ് ഉയർന്ന ജീവിത സംതൃപ്തിയുള്ളത്. ആൽബർട്ട കഴിഞ്ഞാൽ തൊട്ടുപിന്നിൽ ഒന്റാരിയോയാണ് ഉള്ളത്. ഒന്റാരിയോയിൽ 42 ശതമാനം പേർ മാത്രമാണ് ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നത്. അതേസമയം, കെബെക്കിന്റെ അയൽ പ്രവിശ്യയായ ന്യൂബ്രൺസ്വിക് 53.4 ശതമാനത്തോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

പ്രായത്തിനനുസരിച്ചുള്ള തരംതിരിക്കലിൽ മുതിർന്ന പൗരന്മാരാണ് യുവാക്കളേക്കാൾ കൂടുതൽ സന്തോഷവാന്മാരെന്ന് കണ്ടെത്തി. 75 വയസ്സിന് മുകളിലുള്ളവരിൽ 64 ശതമാനം പേരും ഉയർന്ന ജീവിത സംതൃപ്തി രേഖപ്പെടുത്തിയപ്പോൾ, 25-നും 34-നും ഇടയിൽ പ്രായമുള്ളവരിൽ ഇത് വെറും 32.7 ശതമാനം മാത്രമാണ്. പ്രായം കൂടുന്നതിനനുസരിച്ച് ജീവിതത്തോടുള്ള സംതൃപ്തിയും വർദ്ധിച്ചു വരുന്നതായി പഠനം നിരീക്ഷിച്ചു. ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയുടെ കാര്യത്തിലും മുൻ വർഷത്തേക്കാൾ പുരോഗതിയുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്യുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!