ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സംസ്ഥാനത്തെ 717 ടാസ്മാക് മദ്യവിൽപനശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. സ്കൂളുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന മദ്യശാലകളാണ് രണ്ടാഴ്ചയ്ക്കകം പൂട്ടാൻ നിർദേശം നൽകിയിരിക്കുന്നത്.
തമിഴ്‌നാട്ടിൽ നിലവിൽ പ്രവർത്തിക്കുന്ന 4765 ടാസ്മാക് വിൽപനശാലകളിൽ നിന്നാണ് നിയമലംഘനപരമായി പ്രവർത്തിക്കുന്ന 717 കടകൾ കണ്ടെത്തിയത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 കടകളും, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 കടകളും, ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 കടകളും ഉൾപ്പെടുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ലഹരി ഉപയോഗവും അതിനെ തുടർന്നുണ്ടാകുന്ന അക്രമ സംഭവങ്ങളും തമിഴ്‌നാട്ടിൽ വലിയ ചർച്ചയായിരുന്നു. താൻ മുഖ്യമന്ത്രിയായാൽ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജയ് പല വേദികളിലും പ്രഖ്യാപിച്ചിരുന്നു. അതിന്റെ ആദ്യപടിയായാണ് ഇപ്പോഴത്തെ നടപടി വിലയിരുത്തപ്പെടുന്നത്.
ടാസ്മാക് അഴിമതിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സർക്കാർ അനുമതികളുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതി ആരോപണങ്ങളും ശക്തമായ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. കുട്ടികൾ വരെ മദ്യപിച്ച് സ്കൂളുകളിലെത്തുന്നുവെന്ന വാർത്തകളും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
നിലവിലെ നിയമപ്രകാരം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിക്കുള്ളിൽ മദ്യശാലകൾ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ വിജയ് സർക്കാർ ഇത് കൂടുതൽ കടുപ്പിച്ച് 500 മീറ്റർ പരിധിക്കുള്ളിലെ ടാസ്മാക് കടകൾ പോലും അടച്ചുപൂട്ടാനാണ് തീരുമാനിച്ചത്.
മുൻപ് ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് ചില ടാസ്മാക് കടകൾ അടച്ചുപൂട്ടിയിരുന്നു. തുടർന്ന് സ്റ്റാലിൻ സർക്കാർ ഘട്ടംഘട്ടമായി 90-ഓളം കടകൾ പൂട്ടുകയും ചെയ്തു. എന്നാൽ ഒരേസമയം 717 കടകൾ അടയ്ക്കുന്ന നടപടി തമിഴ്‌നാട്ടിലെ മദ്യനയത്തിൽ വലിയ മാറ്റമായി വിലയിരുത്തപ്പെടുന്നു.
