ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ്–യുജി’യുമായി ബന്ധപ്പെട്ട ചോദ്യച്ചോർച്ചയ്‌ക്ക് പിന്നാലെ ഈ മാസം മൂന്നിനു നടന്ന പരീക്ഷ റദ്ദാക്കി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ആരോപണങ്ങൾ സിബിഐ അന്വേഷിക്കുമെന്ന് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) അറിയിച്ചു. മൂന്നാം തീയതി നടന്ന പരീക്ഷയ്ക്കു മുൻപു പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ വന്നു എന്നാണ് ആരോപണം ഉയർന്നത്. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ അറിയിച്ചിരുന്നു. ആകെ 180 ചോദ്യങ്ങളാണ് നീറ്റ്–യുജിക്കുള്ളത്. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽനിന്നു 45 വീതം ചോദ്യങ്ങൾ. ഇത്തരത്തിൽ 4 സെറ്റ് ചോദ്യക്കടലാസുകളാണ് പരീക്ഷയിൽ ഉപയോഗിക്കുന്നത്.

വാട്സാപ്പിലും മറ്റും യഥാർത്ഥ ചോദ്യങ്ങൾ പ്രചരിച്ചിരുന്നതായി രാജസ്ഥാൻ പൊലീസിന് ഏതാനും ദിവസം മുൻപു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. രാജസ്ഥാനിലെ സീക്കർ, ജയ്പുർ, കോട്ട എന്നിവിടങ്ങളിൽനിന്നും ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽനിന്നുമായാണ് 12 പേരെ ചോദ്യം ചെയ്തത്. സീക്കറിലെ എൻട്രൻസ് പരിശീലനസ്ഥാപനം വിദ്യാർഥികൾക്ക് നൽകിയതാണ് മാതൃകാ ചോദ്യക്കടലാസെന്നും ഇതു കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കും ലഭിച്ചെന്നും പൊലീസ് പറഞ്ഞു.
