ഓട്ടവ: കാനഡ സർക്കാർ നടപ്പിലാക്കിയ പുതിയ അഭയാർത്ഥി നിയമ പരിഷ്കാരം (Bill C-12) 2SLGBTQ+ വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾ കടുത്ത പ്രതിസന്ധിയിൽ. മാർച്ചിൽ പാസാക്കിയ ഈ നിയമം മൂലം ആയിരക്കണക്കിന് ആളുകളുടെ അഭയാർത്ഥി അപേക്ഷകൾ അസാധുവാകാനും അവർ നാടുകടത്തപ്പെടാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പരിഷ്കാരമനുസരിച്ച്, കാനഡയിൽ എത്തിയ ഒരാൾ അഭയാർത്ഥി പദവിക്ക് അപേക്ഷിക്കണമെങ്കിൽ രാജ്യത്ത് പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ അത് ചെയ്തിരിക്കണം. ഒരു വർഷം കഴിഞ്ഞാൽ അപേക്ഷ നൽകാൻ യോഗ്യതയുണ്ടാവില്ല. ഈ നിയമത്തിന് 2020 ജൂൺ മുതലുള്ള മുൻകാല പ്രാബല്യവും നൽകിയിട്ടുണ്ട്. പലപ്പോഴും തങ്ങളുടെ ലൈംഗിക സ്വത്വം വെളിപ്പെടുത്താൻ ഭയപ്പെടുന്നവരോ അല്ലെങ്കിൽ കാനഡയിലെത്തിയ ശേഷം മാത്രം സ്വന്തം സ്വത്വം തിരിച്ചറിഞ്ഞവരോ ആണ് 2SLGBTQ+ വിഭാഗത്തിൽ ഉള്ളവർ. പലരും വിദ്യാർത്ഥികളായോ തൊഴിലാളികളായോ ആണ് കാനഡയിലെത്തുന്നത്. സ്വന്തം നാട്ടിലെ സാഹചര്യങ്ങൾ മൂലം വർഷങ്ങൾ കഴിഞ്ഞായിരിക്കും തങ്ങൾ 2SLGBTQ+ വിഭാഗത്തിൽപ്പെട്ടവരാണെന്ന് ഇവർ തുറന്നുപറയുന്നത്.കാനഡയിലെത്തിയ ശേഷം സ്വന്തം സ്വത്വം തിരിച്ചറിയുന്നവർക്ക് ഈ ഒരു വർഷത്തെ സമയപരിധി വലിയ തിരിച്ചടിയാണ്.

പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ സ്വവർഗ്ഗാനുരാഗം കുറ്റകരമാണ്. അത്തരം രാജ്യങ്ങളിൽ നിന്നുള്ളവർ പുതിയ നിയമം മൂലം അപേക്ഷ നിരസിക്കപ്പെട്ട് തിരികെ പോകേണ്ടി വന്നാൽ വധശിക്ഷയോ ക്രൂരമായ പീഡനങ്ങളോ നേരിടേണ്ടി വരുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. അഞ്ചു വർഷം മുമ്പ് പാകിസ്ഥാനിൽ നിന്ന് വിദ്യാർത്ഥിയായി കാനഡയിലെത്തിയ അഹമ്മദ് (യഥാർത്ഥ പേരല്ല) എന്ന യുവാവ് ഇതിനൊരു ഉദാഹരണമാണ്. തന്റെ സ്വത്വം വെളിപ്പെടുത്തിയാൽ സ്വന്തം നാട്ടിൽ കൊല്ലപ്പെടുമെന്ന ഭയത്താലാണ് അവൻ അഭയാർത്ഥി പദവിക്ക് അപേക്ഷിച്ചത്. എന്നാൽ പുതിയ നിയമത്തിലെ ഒരു വർഷ പരിധി കഴിഞ്ഞതിനാൽ അഹമ്മദിന്റെ അപേക്ഷ അയോഗ്യമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അഭയാർത്ഥി അപേക്ഷകളിലെ ബാക്ക്ലോഗ് കുറയ്ക്കാനും സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ നിയമം കൊണ്ടുവന്നതെന്നാണ് സർക്കാർ വാദം. നിലവിൽ അപേക്ഷകർക്ക് വിശദീകരണം നൽകാൻ അവസരം നൽകുന്ന കത്തുകൾഅയച്ചു തുടങ്ങിയിട്ടുണ്ട്.
എന്നാൽ, അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങൾ ഇത്തരം നിയമങ്ങളിൽ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഇളവുകൾ നൽകാറുണ്ടെങ്കിലും കാനഡയിൽ നിലവിൽ പ്രായപൂർത്തിയാകാത്തവർക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ കടുത്ത നിലപാട് കാനഡയുടെ മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിഭാഷകരും സന്നദ്ധ സംഘടനകളും ആരോപിക്കുന്നു.
