ലക്നൗ∙ സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ ഇളയമകനും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. മരണകാരണത്തെ സംബന്ധിച്ച് വിശദാംശങ്ങൾ ലഭ്യമല്ല. ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് മരണം സംഭവി ച്ചതെന്നാണ് റിപ്പോർട്ടുകൾ. കുറച്ചുദിവസമായി പ്രതീക് അസുഖ ബാധിതനായിരുന്നു. ആഴ്ചകൾക്ക് മുൻപ് ലക്നൗവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു.

രാഷ്ട്രീയകുടുംബത്തിൽ ജനിച്ചയാളാണെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് പ്രതീക് വിട്ടു നിന്നിരുന്നു. യുകെയിലെ ലീഡ്സ് സർവകലാശാലയിലാണ് പഠിച്ചത്. ലക്നൗവിൽ ‘ദി ഫിറ്റ്നസ് പ്ലാനറ്റ്’ എന്ന പേരിൽ ഒരു ജിം നടത്തുകയായിരുന്നു. ഫിറ്റ്നസ് രംഗത്ത് സജീവമായ പ്രതീക് തെരുവുനായ്ക്കളുടെ സംരക്ഷണം, ചികിത്സ, ഭക്ഷണം, പരിചരണം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ‘ജീവ് ആശ്രയം’ എന്ന സംഘടനയിലും സജീവമായിരുന്നു.
