Friday, May 15, 2026

‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: സിപിഐഎം സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ നേതൃത്വത്തിനെതിരെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതും അദ്ദേഹത്തിന്റെ പിന്തുണയും പാര്‍ട്ടിക്ക് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കിയെന്ന് കമ്മിറ്റിയില്‍ വിലയിരുത്തലുണ്ടായി. വെള്ളാപ്പള്ളിയുടെ വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങളെ അപ്പപ്പോള്‍ തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ കാരണമായെന്നും വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണമെന്നും മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയും കടുത്ത വാദപ്രതിവാദങ്ങളാണ് നടന്നത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാര്‍ത്ഥിത്വത്തെ പി. ജയരാജന്‍ പരസ്യമായി കുറ്റപ്പെടുത്തി. പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയത് കണ്ണൂരിന് പുറത്തും പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്തുവെന്നാണ് ഉയര്‍ന്നു വന്ന പ്രധാന വിമര്‍ശനം. കൂടാതെ, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വിവാദത്തില്‍ ശരിയായ പരിഹാരം കാണാത്തത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.

അതേസമയം, കണ്ണൂരിലെ തിരിച്ചടിയെ ന്യായീകരിച്ച് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്തെത്തി. ജില്ലയില്‍ പാര്‍ട്ടിക്ക് വലിയ രീതിയിലുള്ള വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും തളിപ്പറമ്പ് എല്ലാക്കാലത്തും പാര്‍ട്ടി ജയിക്കുന്ന മണ്ഡലമല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും അദ്ദേഹം ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തില്‍ എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികളില്‍ നിന്ന് വരെ സി.പി.ഐ.എമ്മിന് വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റിയിലെ ഈ ആഭ്യന്തര തര്‍ക്കങ്ങള്‍ പുറത്തുവരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!