ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങള്‍ ഊര്‍ജ്ജ വിപണിയെ പ്രതിസന്ധിയിലാക്കിയതോടെ മെയ് 15 ന് എണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 107 ഡോളറിലെത്തിയപ്പോള്‍, യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) 102 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളിലെ അനിശ്ചിതത്വവുമാണ് വില 5 ശതമാനത്തോളം ഉയരാന്‍ കാരണമായത്. മിഡില്‍ ഈസ്റ്റിലെ വിതരണ തടസ്സങ്ങള്‍ മൂലം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആഗോള എണ്ണ ശേഖരത്തില്‍ പ്രതിദിനം 4 ദശലക്ഷം ബാരലിന്റെ കുറവുണ്ടായതായി അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (IEA) വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണികളും അമേരിക്കന്‍ നാവിക ഉപരോധവും മേഖലയിലെ കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം മുതല്‍ സാങ്കേതികമായി വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തത് വിപണിയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. നിലവിലെ സംഘര്‍ഷം പെട്ടെന്ന് അവസാനിച്ചാല്‍ പോലും, ഒക്ടോബര്‍ മാസം വരെ വിപണിയില്‍ ഗുരുതരമായ വിതരണക്കുറവ് തുടരാന്‍ സാധ്യതയുണ്ടെന്നാണ് ഐഇഎയുടെ പ്രതിമാസ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഫെബ്രുവരി മുതല്‍ പ്രതിദിനം ശരാശരി 12.8 ദശലക്ഷം ബാരലിന്റെ വിതരണ നഷ്ടമാണ് ആഗോളതലത്തില്‍ കണക്കാക്കുന്നത്.

അതേസമയം, ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ചൈനയില്‍ വെച്ച് നടന്ന ട്രംപ്-ഷി ജിന്‍പിംഗ് കൂടിക്കാഴ്ചയെ വലിയ പ്രതീക്ഷയോടെയാണ് വിപണി നോക്കിക്കാണുന്നത്. ഹോര്‍മുസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്നുകൊടുക്കുന്നതിനെക്കുറിച്ചും ചൈനയിലേക്കുള്ള അമേരിക്കന്‍ എണ്ണ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത് ആഗോള ഊര്‍ജ്ജ വിപണിയില്‍ സ്ഥിരത കൊണ്ടുവരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
