Saturday, May 16, 2026

വയനാട് ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും

വയനാട്: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ച പുനരധിവാസ ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കുന്നു. ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട വിജയനും കുടുംബവുമാണ് ഇന്ന് പുതിയ വീട്ടില്‍ പാലുകാച്ചല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഗൃഹപ്രവേശത്തിലേക്ക് കടക്കുന്നത്. ടൗണ്‍ഷിപ്പിലെ തങ്ങളുടെ ഈ താമസം മാറ്റം, തങ്ങളെപ്പോലെ കാത്തിരിക്കുന്ന മറ്റു ദുരന്തബാധിതര്‍ക്കും വീടുകളിലേക്ക് മാറാന്‍ വലിയൊരു പ്രചോദനമാകട്ടെ എന്ന് വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അന്തിമ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അധികൃതര്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയ ഒന്നാം സോണിലെ ഡി ക്ലസ്റ്ററിലുള്ള 78-ാം നമ്പര്‍ വീട്ടിലേക്കാണ് വിജയനും കുടുംബവും മാറുന്നത്. പുതിയ ജീവിതം തുടങ്ങുന്നതിനായി ആവശ്യമായ ഫര്‍ണിച്ചറുകളും മറ്റ് അവശ്യസാധനങ്ങളും ഇവര്‍ ഇതിനോടകം തന്നെ പുതിയ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 178 വീടുകളുടെ പട്ടയം ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ 150-ലധികം വീടുകളാണ് സാങ്കേതിക പരിശോധനകള്‍ക്ക് ശേഷം അധികൃതര്‍ കുടുംബങ്ങള്‍ക്ക് താമസത്തിനായി വിട്ടുനല്‍കിയത്.

ആദ്യഘട്ടത്തില്‍ വീട് ലഭിച്ച 178 കുടുംബങ്ങളും ഒരുമിച്ച് ഒരേ ദിവസം താമസം ആരംഭിക്കുമെന്നായിരുന്നു ‘ഫേസ് വണ്‍ കൂട്ടായ്മ’ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ താന്‍ അത്തരം കൂട്ടായ്മകളുടെ ഭാഗമല്ലെന്നും, അനുയോജ്യമായ സമയത്ത് സ്വന്തം തീരുമാനപ്രകാരമാണ് താമസം തുടങ്ങുന്നതെന്നും വിജയന്‍ വ്യക്തമാക്കി. ഒരു നാടിനെയാകെ തുടച്ചുനീക്കിയ മഹാദുരന്തത്തിന് ശേഷം സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷിത തണലിലേക്ക് ആദ്യ കുടുംബം എത്തുന്നതോടെ, ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും മറ്റ് അതിജീവിതരുടെ പുനരധിവാസ പ്രക്രിയയ്ക്കും ഇത് പുതിയൊരു തുടക്കമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!