ബാങ്കോക്ക്: തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ ട്രെയിനും ബസും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ തീപിടിത്തം. ശനിയാഴ്ച ഉണ്ടായ ഈ അപകടത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഒരു പാസഞ്ചർ ബസ്, നിരവധി കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയിലാണ് ട്രെയിൻ ഇടിച്ചത്. കൂട്ടിയിടിയെത്തുടർന്ന് ഉണ്ടായ വൻ തീപിടിത്തം പെട്ടെന്ന് തന്നെ മറ്റ് വാഹനങ്ങളിലേക്ക് പടരുകയും പ്രദേശം കനത്ത പുകയിലാവുകയും ചെയ്തത് വലിയ പരിഭ്രാന്തി പരത്തി.
സംഭവം നടന്നയുടൻ അഗ്നിശമന സേനാംഗങ്ങളും പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ശക്തമായ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തകർന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ പരുക്കേറ്റ യാത്രക്കാരെയും ഡ്രൈവർമാരെയും പുറത്തെടുത്ത് ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. കൂടുതൽ സ്ഫോടനങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് ഗ്യാസ് വെന്റിലേഷൻ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, സിഗ്നൽ തകരാറാണോ അതോ ഡ്രൈവർമാരുടെ അശ്രദ്ധയാണോ എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽ ക്രോസിംഗുകളിലെ അപര്യാപ്തമായ സുരക്ഷാ സംവിധാനങ്ങളും കനത്ത ഗതാഗതവുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന ആശങ്ക പ്രദേശവാസികൾ പങ്കുവെക്കുന്നുണ്ട്. അപകടസ്ഥലത്തുനിന്നും തെളിവുകൾ ശേഖരിച്ചുവരികയാണെന്നും തകർന്ന വാഹനങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അറിയാൻ തണുപ്പിക്കൽ നടപടികൾക്ക് ശേഷം തിരച്ചിൽ തുടരുമെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
