Sunday, May 17, 2026

വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; വീണ്ടും പ്രവചനവുമായി ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രാഷ്ട്രീയ പ്രയാണം മുഖ്യമന്ത്രി പദവിയില്‍ ഒതുങ്ങില്ലെന്നും അദ്ദേഹം ഭാവിയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നും പ്രവചനം. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായ പ്രമുഖ ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് വെട്രിവേലാണ് പുതിയ പ്രവചനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ വിധിക്കപ്പെട്ടയാളാണെന്നും അദ്ദേഹത്തിന്റെ ജാതകത്തിന് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതകവുമായി ഏറെ സാമ്യതകളുണ്ടെന്നുമാണ് രാധന്‍ പണ്ഡിറ്റിന്റെ പ്രധാന അവകാശവാദം.

മുഖ്യമന്ത്രിപദവിയില്‍ മാത്രം ഒതുങ്ങാതെ വിജയ് രാജ്യത്തിന്റെ പരമോന്നത ഭരണനേതൃത്വത്തിലേക്ക് ഉയരുമെന്നും, അടുത്ത 30-40 വര്‍ഷത്തേക്ക് തമിഴ്നാട് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് ശക്തരായ എതിരാളികള്‍ ഉണ്ടാകില്ലെന്നും ജ്യോത്സ്യന്‍ കൂട്ടിച്ചേര്‍ത്തു. വിജയ്യുടെ രാഷ്ട്രീയയാത്രയുടെ തുടക്കം മാത്രമാണിത്. നരേന്ദ്ര മോദിയെപ്പോലെ തന്നെ ഭരണകൂടത്തിന്റെ താഴെത്തട്ടിലുള്ള പദവികള്‍ വഹിക്കാതെ, സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഉടന്‍ തന്നെ നേരിട്ട് മുഖ്യമന്ത്രിപദത്തിലെത്താന്‍ വിജയ്ക്ക് സാധിച്ചു. 2001-ല്‍ മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായ അതേ പ്രായത്തിലാണ് വിജയ്യും തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുന്നത്. ഗുജറാത്ത് ഭരണാധികാരി എന്ന നിലയില്‍ നിന്ന് അതിവേഗമാണ് മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഉയര്‍ന്നത്. സമാനമായ ഒരു രാഷ്ട്രീയ പാതയാണ് വിജയ്ക്കും മുന്നിലുള്ളതെന്ന് രാധന്‍ പണ്ഡിറ്റ് വിശദീകരിക്കുന്നു.

നേരത്തെ രാധന്‍ പണ്ഡിറ്റിനെ മുഖ്യമന്ത്രി വിജയ്യുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (സി.എം.ഒ.) പദവിയില്‍ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പിന്നീട് ഈ നിയമനം റദ്ദാക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ജ്യോത്സ്യന്റെ പുതിയ പ്രവചനം തമിഴ്‌നാട് രാഷ്ട്രീയ വൃത്തങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!