എഡ്മിന്റൻ: ആൽബർട്ടയിൽ ദശലക്ഷക്കണക്കിന് വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ഓൺലൈൻ വഴി ചോർന്നതിനെത്തുടർന്ന്, രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടർപട്ടിക കൈമാറുന്ന നിയമങ്ങളിൽ കർശന നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമായി. ആൽബർട്ടയിലെ ഒരു വിഘടനവാദി ഗ്രൂപ്പ് വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഒരു ഓൺലൈൻ സെർച്ച് ഡാറ്റാബേസ് പരസ്യപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഒരു ചെറിയ പ്രാദേശിക പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഔദ്യോഗികമായി ലഭിച്ച വോട്ടർപട്ടികയിലെ വിവരങ്ങളാണ് ഇത്തരത്തിൽ ചോർന്നതെന്ന് ഇലക്ഷൻസ് ആൽബർട്ട വ്യക്തമാക്കുന്നു. നിലവിൽ ഇലക്ഷൻസ് ആൽബർട്ട, പ്രൈവസി കമ്മീഷണർ, RCMP എന്നിവർ സംയുക്തമായി ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഒരു ചെറിയ പാർട്ടി കേവലം 25 റൈഡിങ്ങുകളിൽ മാത്രമാണ് മത്സരിക്കുന്നതെങ്കിൽ, അവർക്ക് ആ മണ്ഡലങ്ങളിലെ വോട്ടർമാരുടെ വിവരങ്ങൾ മാത്രം നൽകിയാൽ മതിയാകുമെന്നും വോട്ടർമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് വിവരങ്ങൾ നൽകുന്നത് നല്ലതാണെങ്കിലും, തങ്ങളെ പ്രതിനിധീകരിക്കാത്ത ആളുകളുടെ കൈകളിൽ തങ്ങളുടെ സ്വകാര്യ ഡാറ്റ എത്തുന്നത് ജനങ്ങൾക്ക് സുരക്ഷിതമല്ലെന്നും ഡിസൈഡ് കാമ്പെയ്ൻസ് പ്രസിഡൻ്റ് സ്റ്റീഫൻ കാർട്ടർ പറഞ്ഞു. അതേ സമയം ട്ടർപട്ടിക പരിമിതപ്പെടുത്തുന്നത് ചെറിയ പാർട്ടികളുടെ വളർച്ചയെ ബാധിക്കുമെന്ന വാദവും ഉയരുന്നുണ്ട്. തങ്ങൾക്ക് സംസ്ഥാനം മുഴുവൻ സ്വാധീനം വർദ്ധിപ്പിക്കണമെങ്കിൽ സമ്പൂർണ്ണ വോട്ടർപട്ടിക ആവശ്യമാണെന്ന് മുൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ലോൺ ഗിബ്സൺ പറയുന്നു. ആൽബർട്ടയിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനോ സ്ഥാനാർത്ഥിയാകാനോ ഉള്ള മാനദണ്ഡങ്ങൾ വളരെ ലളിതമാണെന്നതും ശ്രദ്ധേയമാണ്.

പാർട്ടികൾ നിയമപരമായും കൃത്യമായ ലക്ഷ്യത്തോടെയുമാണ് ഡാറ്റ ഉപയോഗി ക്കുന്നതെങ്കിൽ അവർക്ക് പൂർണ്ണമായ ലിസ്റ്റ് നൽകുന്നതിൽ തെറ്റില്ലെന്ന് ആൽബർട്ട എൻ.ഡി.പി (NDP) മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഗാരറ്റ് സ്പെല്ലിസി അഭിപ്രായപ്പെട്ടു. തങ്ങൾ ഒരു താത്‌കാലിക പാർട്ടി അല്ലെന്നും ദീർഘകാല രാഷ്ട്രീയ ലക്ഷ്യമുള്ളവരാണെന്നും തെളിയിക്കാൻ പാർട്ടികൾക്ക് സാധിക്കണം. നിലവിലുള്ള അന്വേഷണങ്ങളുടെ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ വോട്ടർമാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിയമപരമായ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കൂ എന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. അതേസമയം, ആൽബർട്ട യിലുണ്ടായ ഈ ഡാറ്റാ ചോർച്ച കാനഡയിലെ മറ്റ് പ്രവിശ്യകൾക്കും ഒരു വലിയ മുന്നറിയിപ്പായി മാറിയിട്ടുണ്ട്. വോട്ടർമാരുടെ വിവരങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ ഒന്റാരിയോ, കെബെക്ക്, ബ്രിട്ടീഷ് കൊളംബിയ, സാസ്കാച്വാൻ തുടങ്ങിയ പ്രവിശ്യകളിലെ തിരഞ്ഞെടുപ്പ് ബോർഡുകളും തങ്ങളുടെ വോട്ടർപട്ടിക നയങ്ങൾ പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്.
