ടൊറൻ്റോ: പെട്രോൾ, ഡീസൽ വിലയിലുണ്ടായ കനത്ത വർദ്ധനയെത്തുടർന്ന് കാനഡയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിൽ മാസത്തിൽ 3 ശതമാനത്തിന് മുകളിലേക്ക് ഉയർന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. 2023 ഡിസംബറിന് ശേഷം ആദ്യമായാണ് രാജ്യത്തെ പണപ്പെരുപ്പം ഈ പരിധി ലംഘിക്കുന്നത്. ചൊവ്വാഴ്ച സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുതിയ പണപ്പെരുപ്പ കണക്കുകൾ പുറത്തുവിടാനിരിക്കെയാണ് ഈ വിലയിരുത്തൽ. റോയിട്ടേഴ്സ് സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ നടത്തിയ സർവേ പ്രകാരം, മാർച്ചിൽ 2.4 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഏപ്രിൽ മാസത്തിൽ 3.1 ശതമാനമായി കുത്തനെ ഉയർന്നേക്കാമെന്നാണ് സൂചനകൾ. ഫെബ്രുവരി അവസാനം മുതൽ മിഡിൽ ഈസ്റ്റിൽ ആരംഭിച്ച സംഘർഷങ്ങളെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതാണ് ആഗോളതലത്തിൽ എണ്ണ ഒഴുക്കിനെ ബാധിച്ചതും വില ഉയരാൻ കാരണമായതും. മാർച്ചിൽ ഇന്ധനവില 21 ശതമാനം ഉയർന്നതിന് പിന്നാലെ ഏപ്രിലിൽ വീണ്ടും 8 ശതമാനം വാർഷിക വർദ്ധനവുണ്ടായതായി റോയൽ ബാങ്ക് ഓഫ് കാനഡ (RBC) ചൂണ്ടിക്കാണിക്കുന്നു. 2025 ഏപ്രിലിൽ ഉപഭോക്തൃ കാർബൺ വില നിർത്തലാക്കിയ കേന്ദ്ര സർക്കാർ തീരുമാനം കഴിഞ്ഞ ഒരു വർഷമായി പണപ്പെരുപ്പം നിയന്ത്രിച്ചു നിർത്താൻ സഹായിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ വാർഷിക വില താരതമ്യത്തിൽ ഈ ഇളവ് ഇല്ലാത്തത് പണപ്പെരുപ്പ നിരക്ക് ഉയരാൻ ഇടയാക്കും.

ഡെസ്ജാർഡിൻസ്പുറത്തുവിട്ട പുതുക്കിയ റിപ്പോർട്ട് പ്രകാരം, പണപ്പെരുപ്പം 2026-ന്റെ രണ്ടാം പാദത്തിൽ 3.1 ശതമാനത്തിൽ എത്തിയേക്കും. ഏപ്രിൽ പകുതിയോടെ ഫെഡറൽ ഇന്ധന എക്സൈസ് നികുതി താൽക്കാലികമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും, കുതിച്ചുയരുന്ന ഇന്ധനവിലയെ പൂർണ്ണമായി പ്രതിരോധിക്കാൻ അത് പര്യാപ്തമാകില്ലെന്നാണ് വിലയിരുത്തൽ. കൂടാതെ, ഗതാഗത-വള നിർമ്മാണച്ചെലവുകൾ വർദ്ധിക്കുന്നതിനാൽ ഈ വർഷം ഭക്ഷണസാധനങ്ങളുടെ വിലയിലും 0.6 ശതമാനത്തോളം വർദ്ധനവ് ഉണ്ടായേക്കാം. മിഡിൽ ഈസ്റ്റിലെ സംഘർഷം കാരണം കപ്പൽ ചരക്കുകൂലി വർദ്ധിക്കുന്നത് വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലയെയും ബാധിക്കും. ഇതിനുപുറമേ, യു.എസ്.എയുമായുള്ള വ്യാപാര നികുതി തർക്കങ്ങളും കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. ബാങ്ക് ഓഫ് കാനഡ നിലവിൽ തങ്ങളുടെ പലിശ നിരക്ക് 2.25 ശതമാനത്തിൽ തന്നെ നിലനിർത്തിയിരിക്കുകയാണ്. വിപണിയിലെ അനിശ്ചിതാവസ്ഥകൾ കണക്കിലെടുത്ത് 2026 അവസാന ക്ളാസ് വരെ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ബാങ്ക് കാത്തിരുന്ന് കാണാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
