Tuesday, May 19, 2026

ഇന്ത്യന്‍ പൗരത്വ അപേക്ഷകര്‍ക്ക് പുതിയ നിബന്ധന; വിദേശ പാസ്പോര്‍ട്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ ചട്ടങ്ങള്‍ 2009 പ്രകാരം ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കുന്ന പാക്കി്സ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പുതിയ കര്‍ശന നിബന്ധനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അപേക്ഷകര്‍ തങ്ങളുടെ ജന്മനാട്ടിലെ പാസ്പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്നും പൗരത്വം ലഭിച്ചാല്‍ ഇവ അധികൃതര്‍ക്ക് കൈമാറണമെന്നുമാണ് പുതിയ ഉത്തരവ്. തിങ്കളാഴ്ച പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.

പുതിയ ഭേദഗതി പ്രകാരം, പൗരത്വ ചട്ടങ്ങള്‍ 2009-ല്‍ പുതിയൊരു ഖണ്ഡിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം അപേക്ഷകര്‍ക്ക് പാകിസ്താന്‍, അഫ്ഗാനിസ്താന്‍ അല്ലെങ്കില്‍ ബംഗ്ലാദേശ് സര്‍ക്കാരുകള്‍ നല്‍കിയ സാധുതയുള്ളതോ കാലാവധി കഴിഞ്ഞതോ ആയ പാസ്പോര്‍ട്ടുകള്‍ കൈവശം വെക്കാന്‍ അനുവാദമുണ്ടാകില്ല. നിലവില്‍ അപേക്ഷകന്റെ കൈവശം സജീവമായ പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍, അതിന്റെ നമ്പര്‍, നല്‍കിയ തീയതി, സ്ഥലം, കാലാവധി അവസാനിക്കുന്ന തീയതി തുടങ്ങിയ എല്ലാ വിശദാംശങ്ങളും അപേക്ഷയോടൊപ്പം കൃത്യമായി സമര്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

ഇതിനുപുറമെ, പൗരത്വ അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ച് 15 ദിവസത്തിനകം തങ്ങളുടെ കൈവശമുള്ള പാസ്പോര്‍ട്ട് (സാധുതയുള്ളതോ കാലാവധി കഴിഞ്ഞതോ ആകാം) ബന്ധപ്പെട്ട സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റിനോ അല്ലെങ്കില്‍ സൂപ്രണ്ട് ഓഫ് പോസ്റ്റിനോ സമര്‍പ്പിക്കുമെന്ന സത്യപ്രസ്താവനയും അപേക്ഷകര്‍ നല്‍കേണ്ടതുണ്ട്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട അഫ്ഗാന്‍, ബംഗ്ലാദേശി, പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം തേടുന്നതിനുള്ള ചട്ടങ്ങളിലെ ഷെഡ്യൂള്‍ ഐസിയ്ക്ക് (Schedule IC) ശേഷമായിരിക്കും ഈ പുതിയ ഭേദഗതി കൂട്ടിച്ചേര്‍ക്കുക.

2014 ഡിസംബര്‍ 31-ന് മുന്‍പ് ഇന്ത്യയിലെത്തിയ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകളില്ലാത്ത മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് പൗരത്വ ഭേദഗതി നിയമം (CAA) 2019 വഴി നേരത്തെ സൗകര്യമൊരുക്കിയിരുന്നു. പൗരത്വ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും സുരക്ഷാ പരിശോധനകള്‍ ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ പാസ്പോര്‍ട്ട് നിബന്ധനകള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!