Tuesday, May 19, 2026

മൂന്നാം നാളും വകുപ്പില്ലാതെ മന്ത്രിമാര്‍; ഫിഷറീസ്, ആരോഗ്യം വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു

തിരുവനന്തപുരം: വി.ഡി. സതീശന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും യു.ഡി.എഫ് മുന്നണിയില്‍ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പൂര്‍ണ്ണ പരിഹാരമായില്ല. നാളെ പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ, അതിനു മുന്‍പായി വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് വകുപ്പുകള്‍ പൂര്‍ണ്ണമായി നിശ്ചയിച്ച് ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാന്‍ സാധിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സൂചനകള്‍.

ഇതിനിടെ സതീശന്‍ സര്‍ക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുകയാണ്. ആദ്യ യോഗത്തിലേതു പോലെ ഇന്നും ജനപ്രിയമായ ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ ഈ യോഗത്തിലുണ്ടാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇന്ന് രാജ് ഭവനില്‍ നടക്കുന്ന പ്രോടേം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഖ്യമന്ത്രി, ചടങ്ങിനിടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി വകുപ്പുകളുടെ അന്തിമ പട്ടിക കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് നിലവില്‍ പ്രധാന തര്‍ക്കം നിലനില്‍ക്കുന്നത്. ലീഗിന് ഫിഷറീസ് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ലത്തീന്‍ സഭയും ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഫിഷറീസ് വകുപ്പ് തങ്ങള്‍ക്ക് നല്‍കിയാല്‍ മാത്രമേ നേരത്തെ ധാരണയായ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് വിട്ടുനല്‍കൂ എന്ന കര്‍ശന നിലപാടിലാണ് ലീഗ്. തീരദേശ ജനതയെയും കടലിനെയും കൃത്യമായി അറിയുന്ന ഒരാള്‍ തന്നെ ഫിഷറീസ് മന്ത്രിയാകണമെന്ന തങ്ങളുടെ ആവശ്യം ലത്തീന്‍ അതിരൂപതാ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

വകുപ്പ് വിഭജനം അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തില്‍ മുതിര്‍ന്ന യു.ഡി.എഫ് നേതാക്കളും മന്ത്രിമാരുമായ കെ. മുരളീധരനും സി.പി. ജോണും തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. താന്‍ ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദര്‍ശകനാണെന്നും വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം വൈകില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കെ. മുരളീധരന്‍ പ്രതികരിച്ചു. അതോടൊപ്പം, കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിലെ അനില്‍ കുമാറിന് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടി നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമായി പുരോഗമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!