Friday, May 22, 2026

കാനഡയിൽ ബീഫ് വില സർവകാല റെക്കോർഡിലേക്ക്; ബാർബിക്യു സീസണിൽ തിരിച്ച‌ടി

കാൽഗറി: കാനഡയിൽ വേനൽക്കാലം ആരംഭിക്കുന്നതോടെ ബാർബിക്യു പ്രേമികളുടെ പോക്കറ്റ് ചോരുമെന്ന് റിപ്പോർട്ട്. രാജ്യത്ത് ബീഫിന്റെ വില സർവകാല റെക്കോർഡിലേക്ക് ഉയർന്നതാണ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം 2021-ന് ശേഷം രാജ്യത്ത് ബീഫ് വിലയിൽ 62.6 ശതമാനത്തിന്റെ വൻ വർധനയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബീഫ് വിലയിൽ 12.5 ശതമാനം വർധനയുണ്ടായെന്ന്‌ ഏപ്രിലിലെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വർഷങ്ങളായി തുടരുന്ന കടുത്ത വരൾച്ച, കന്നുകാലി ക്കൂട്ടങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ്, ഉയർന്ന ഉത്പാദനച്ചെലവ് എന്നിവയാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാനഡയിലെ കന്നുകാലികളുടെ എണ്ണം കഴിഞ്ഞ 40 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ ഉള്ളത്. വില കുതിച്ചുയരുമ്പോഴും കാനഡക്കാർക്കിടയിൽ ബീഫിനോടുള്ള പ്രിയം കുറഞ്ഞിട്ടില്ലെന്നാണ് വിപണിയിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബീഫിന്റെ ഡിമാൻഡിൽ യാതൊരു കുറവും വന്നിട്ടില്ലെന്നും ആളുകൾ ഇപ്പോഴും ബീഫ്‌ പഴയതു പോലെ തന്നെ വാങ്ങുന്നുണ്ടെന്നും കാൽഗറിയിലെ ബോൺ ടൺ മീറ്റ് മാർക്കറ്റ് ഉടമ ഗ്രെഗ് കെല്ലർ പറയുന്നു. എങ്കിലും വിലക്കയറ്റം കാരണം ആളുകൾ റിബ് ഐ പോലുള്ള വിലകൂടിയ ഇറച്ചിക്ക് പകരം വിലകുറഞ്ഞ മറ്റ് ഭാഗങ്ങൾ വാങ്ങാൻ താത്‌പര്യം കാണിക്കുന്നുണ്ടെന്നും, ചിലർ ചിക്കൻ, പോർക്ക് തുടങ്ങിയ മറ്റു ഓപ്ഷനുകളിലേക്ക്‌ മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം കന്നുകാലി വളർത്തൽ മേഖലയിൽ വർഷങ്ങൾക്ക്‌ ശേഷം നേരിയ പുരോഗതി ദൃശ്യമാകുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2018-ന് ശേഷം ആദ്യമായി കാനഡയിലെ കന്നുകാലികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. ഈ വർഷത്തിന്റെ തുടക്കത്തിൽ കന്നുകാലികളുടെ എണ്ണം 2.5 ശതമാനം വർദ്ധിച്ച് 11.1 ദശലക്ഷത്തിൽ എത്തിയിട്ടുണ്ട്. കോവിഡിന് മുൻപ് ഒരു പൗണ്ട് ഭാരമുള്ള കന്നുകുട്ടിക്ക് 2.20 ഡോളർ മാത്രമായിരുന്ന വിപണി വില, ഇപ്പോൾ 7 ഡോളറായി ഉയർന്നിട്ടുണ്ട്. ഇത് കർഷകർക്ക് മികച്ച വരുമാനം നൽകുന്നുണ്ടെങ്കിലും, ഡീസൽ, വളം, കാലിത്തീറ്റ എന്നിവയുടെ വിലയിൽ 50 മുതൽ 60 ശതമാനം വരെ വർധനയുണ്ടായത്‌ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കന്നുകാലികളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം വിപണിയിൽ ഉടനടി ലഭിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഒരു കന്നുകുട്ടി വളർന്ന് വിപണിയിൽ ഇറച്ചിയായി എത്താൻ രണ്ടര മുതൽ മൂന്ന് വർഷം വരെ സമയമെടുക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!