Friday, May 22, 2026

`വെറുമൊരു ഇന്റര്‍നെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണ്’: കോക്രോച്ച് ജനതാ പാര്‍ട്ടിയെ പിന്തുണച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാര്‍ട്ടിയെ (സി.ജെ.പി.) പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും ശശി തരൂര്‍ എം.പി. രംഗത്ത്. സി.ജെ.പി. വെറുമൊരു ഇന്റര്‍നെറ്റ് പ്രതിഭാസമല്ലെന്നും, രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ പുകയുന്ന കടുത്ത ജനരോഷത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യധാരാ രാഷ്ട്രീയ സംവിധാനങ്ങളുടെ പരാജയങ്ങളെയാണ് ഈ പാര്‍ട്ടിയുടെ അഭൂതപൂര്‍വമായ വളര്‍ച്ച ചൂണ്ടിക്കാണിക്കുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഭരണകൂടത്തോടുള്ള ജനങ്ങളുടെ ശക്തമായ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള ഒരു പ്രധാന മാധ്യമമായി ഈ ഓണ്‍ലൈന്‍ കൂട്ടായ്മ മാറിയിരിക്കുകയാണ്. ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ക്കും പരിഹാസങ്ങള്‍ക്കും ആക്ഷേപഹാസ്യങ്ങള്‍ക്കും കൃത്യമായ ഇടമുണ്ടാകണം. ഈ സാഹചര്യത്തില്‍ സി.ജെ.പി.യുടെ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ട് ഇന്ത്യയില്‍ റദ്ദാക്കിയത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും വിവേകശൂന്യവുമായ നടപടിയാണെന്നും തരൂര്‍ വിമര്‍ശിച്ചു. യുവാക്കളുടെ ഈ ജനരോഷത്തെയും ഊര്‍ജ്ജത്തെയും ഉള്‍ക്കൊണ്ട് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാന്‍ പ്രതിപക്ഷത്തിന് മുന്നില്‍ വലിയൊരു അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം’ എന്ന മുദ്രാവാക്യവുമായി എത്തിയ സി.ജെ.പി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു വലിയ ജെന്‍സി (Gen Z) മുന്നേറ്റമായി മാറിക്കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെപ്പോലും പിന്നിലാക്കി കോടിക്കണക്കിന് ഫോളോവേഴ്‌സിനെയാണ് ഈ കൂട്ടായ്മ സ്വന്തമാക്കിയത്. മേയ് 15-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമര്‍ശമാണ് ഈ മൂവ്‌മെന്റിന്റെ തുടക്കത്തിന് കാരണമായത്. തൊഴിലില്ലാത്ത യുവാക്കളെ ‘തീറ്റപ്പണ്ടങ്ങളോടും’ ‘പാറ്റകളോടും’ ഉപമിച്ചുകൊണ്ടുള്ള പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധമായാണ് യുവാക്കള്‍ ഈ പേര് ഏറ്റെടുത്തത്.

അഭിജിത് ദീപ്‌കെ എന്ന മുപ്പതുകാരനായ യുവാവാണ് ഈ വൈറല്‍ പേജിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ത്ഥിയായ ഇദ്ദേഹം മുന്‍പ് ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2020-ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എ.എ.പി.ക്ക് വേണ്ടി മീമുകള്‍ അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് തന്ത്രങ്ങള്‍ മെനഞ്ഞത് ഇദ്ദേഹമായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!