വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തില്‍ നിന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് രാജിവെച്ചു. ഇറാന്‍ വിഷയത്തില്‍ വൈറ്റ് ഹൗസുമായി നിലനിന്നിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് മുന്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം കൂടിയായ തുള്‍സിയുടെ ഈ നാടകീയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ ദേശീയ സുരക്ഷാ ടീമിലെ ഏറ്റവും നിര്‍ണായകമായ ഒരു പടിയിറക്കമായാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ ഈ രാജിയെ വിലയിരുത്തുന്നത്.
വിദേശ സൈനിക ഇടപെടലുകളുടെ കടുത്ത വിമര്‍ശകയായ തുള്‍സി ഗബ്ബാര്‍ഡ്, സെനറ്റിന്റെ അംഗീകാരത്തോടെ 2025 ഫെബ്രുവരിയിലാണ് ട്രംപ് ഭരണകൂടത്തിന്റെ പരമോന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥയായി ചുമതലയേറ്റത്. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഹിന്ദു അമേരിക്കന്‍ വനിതയും, ആദ്യത്തെ വനിതാ സൈനിക കോംബാറ്റ് വെറ്ററനും (യുദ്ധമുഖത്ത് പങ്കെടുത്ത വ്യക്തി) കൂടിയാണ് അവര്‍. ഇറാനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഭരണകൂടത്തിനുള്ളില്‍ മാസങ്ങളായി നിലനിന്നിരുന്ന കടുത്ത അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചിരിക്കുന്നത്.

ഇന്റലിജന്‍സ് വിലയിരുത്തലുകളില്‍ ഗബ്ബാര്‍ഡ് സ്വീകരിച്ച നിലപാടുകളിലും, ഇറാനെതിരായ സൈനിക നടപടിക്ക് ഭരണകൂടം നല്‍കിയ ന്യായീകരണങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ അവര്‍ കൈകാര്യം ചെയ്ത രീതിയിലും പ്രസിഡന്റ് ട്രംപിന് കടുത്ത അതൃപ്തിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍ യുദ്ധത്തോടുള്ള വിയോജിപ്പിനെ തുടര്‍ന്ന് മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ജോ കെന്റ് നേരത്തെ രാജിവെച്ചിരുന്നു. ഇതോടെയാണ് ഗബ്ബാര്‍ഡിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായതും ഒടുവില്‍ അത് രാജിയില്‍ അവസാനിച്ചതും.
തന്റെ ചുരുങ്ങിയ ഔദ്യോഗിക കാലാവധിയില്‍ ഇന്റലിജന്‍സ് രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഗബ്ബാര്‍ഡിന് സാധിച്ചിരുന്നു. ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ പുനഃക്രമീകരണം, ബജറ്റ് വെട്ടിക്കുറയ്ക്കല്‍, മുന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികള്‍ റദ്ദാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്റലിജന്‍സ് ഏജന്‍സികളിലെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കാന്‍ അവരുടെ നടപടികള്‍ സഹായിച്ചുവെന്ന് അനുകൂലികള്‍ വാദിക്കുമ്പോള്‍, രാഷ്ട്രീയ പ്രേരിതമായ പരിഷ്‌കാരങ്ങളാണ് അവര്‍ നടപ്പാക്കിയതെന്നാണ് വിമര്‍ശകരുടെ ആരോപണം. ഗബ്ബാര്‍ഡിന് പകരക്കാരനായി ആരായിരിക്കും വരിക എന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
