ഡൽഹി: ഇന്ധനവില കുതിച്ചുയരുന്നതിനെത്തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദം മറികടക്കുന്നതിനായി എയർ ഇന്ത്യ ആഭ്യന്തര സർവീസുകളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നു. 2026 ജൂൺ മുതൽ ആഗസ്റ്റ് വരെ തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലെ സർവീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ അറിയിച്ചു.
ഇതിനുമുമ്പ് ഇതേ കാലയളവിൽ ചില അന്താരാഷ്ട്ര സർവീസുകളും വെട്ടിച്ചുരുക്കാൻ കമ്പനി തീരുമാനിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവും ഇന്ധനവില വർധനവും എയർലൈൻ മേഖലയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് സർവീസുകളിൽ നിയന്ത്രണം കൊണ്ടുവരുന്നത്. മുമ്പ് പ്രഖ്യാപിച്ച അന്താരാഷ്ട്ര സർവീസ് ക്രമീകരണങ്ങൾക്ക് പിന്നാലെ, ജൂൺ-ആഗസ്റ്റ് കാലയളവിൽ തിരഞ്ഞെടുത്ത ചില ആഭ്യന്തര റൂട്ടുകളിലെ സർവീസുകളുടെ എണ്ണത്തിലും താൽക്കാലികമായി കുറവ് വരുത്താൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ആഭ്യന്തര സർവീസുകളിൽ ഏകദേശം 20 മുതൽ 22 ശതമാനം വരെ കുറവ് വരുത്താനാണ് കമ്പനിയുടെ തീരുമാനം. ഇതിനകം തന്നെ അന്താരാഷ്ട്ര സർവീസുകളിൽ 27 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ എയർ ഇന്ത്യ പ്രതിവാരം ഏകദേശം 4,400 സർവീസുകളാണ് നടത്തുന്നത്. ഇതിൽ 3,600 ആഭ്യന്തര സർവീസുകളും 800 അന്താരാഷ്ട്ര സർവീസുകളും ഉൾപ്പെടുന്നു.സർവീസുകൾ റദ്ദാക്കുന്നതിലൂടെ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ബദൽ യാത്രാസൗകര്യങ്ങളും പൂർണ്ണ ടിക്കറ്റ് റീഫണ്ടും നൽകുമെന്ന് കമ്പനി വ്യക്തമാക്കി.
