തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡിന് പിന്നാലെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്ത്. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. റെയ്ഡ് നടക്കുന്ന പിണറായി വിജയന്റെ കണ്ണൂരിലെ വീടിനും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീടിനും മുമ്പിൽ നേതാക്കളടക്കം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വി ശിവൻകുട്ടി, ജോൺ ബ്രിട്ടാസ്, വി ജോയി, ആനാവൂർ നാഗപ്പൻ, വി കെ പ്രശാന്ത് തുടങ്ങിയവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തു. കണ്ണൂരിലെ പ്രതിഷേധത്തിൽ എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാജേഷ്, കെ കെ ഷൈലജ തുടങ്ങിയവരും പങ്കെടുത്തു. കോഴിക്കോട് ജില്ലയിൽ സിപിഎം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.

സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ്. മാസപ്പടി കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ മൊഴിയെടുത്തു.
