Friday, May 29, 2026

ഇഡി അന്വേഷണം തടയണം; മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സിഎംആര്‍എല്‍

കൊച്ചി: മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (CMRL) ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് കമ്പനി ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ചോദ്യം ചെയ്യാനായി ഇ ഡി നോട്ടീസ് നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിഎംആര്‍എല്ലിന്റെ ഈ നിര്‍ണ്ണായക നീക്കം. ഹര്‍ജിയില്‍ ഇ ഡിക്ക് നോട്ടീസ് നല്‍കുന്ന കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ഇന്ന് തന്നെ തീരുമാനമുണ്ടാകും.

അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങളെ കേന്ദ്രീകരിച്ച് ഇ ഡി തെളിവ് ശേഖരണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഡയറിയില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റ് പ്രമുഖ വ്യക്തികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. ഇതോടൊപ്പം, വീണ വിജയന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിപുലമായ പരിശോധനയാണ് നടക്കുന്നത്. 2019-ല്‍ ക്ലോസ് ചെയ്ത വീണയുടെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടും നിലവില്‍ ഇ ഡിയുടെ അന്വേഷണ പരിധിയിലുണ്ട്. ഈ അക്കൗണ്ട് വഴി നടന്ന വിദേശ ഇടപാടുകളുടെ സ്രോതസ്സാണ് കേന്ദ്ര ഏജന്‍സി പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളില്‍ വിവിധ ബാങ്കുകളിലായുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ ഇ ഡി മരവിപ്പിച്ചിരുന്നു. ഇതില്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള മൂന്ന് അക്കൗണ്ടുകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

അതേസമയം, രാഷ്ട്രീയമായി വലിയ പുകിലുകള്‍ക്കാണ് ഈ റെയ്ഡുകള്‍ വഴിവെച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളില്‍ ഇ ഡി നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കണ്ണൂരിലും കോഴിക്കോട്ടും ഇ ഡി റെയ്ഡിനെതിരെ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയ എഴുപതിലധികം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

തലസ്ഥാന നഗരിയിലും സ്ഥിതിഗതികള്‍ ശാന്തമല്ല. തിരുവനന്തപുരത്ത് റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ വഴിയില്‍ തടയുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ പന്ത്രണ്ട് സിപിഐഎം പ്രവര്‍ത്തകരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കേന്ദ്ര ഏജന്‍സികളുടെ നടപടിക്കെതിരെ കടുത്ത രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ സിപിഐഎം ഒരുങ്ങുന്നതിനിടെ, പൊലീസിനെതിരെ പരസ്യമായ ഭീഷണി പ്രസംഗവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു രംഗത്തെത്തിയതും വന്‍ വിവാദമായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!