Monday, June 1, 2026

9 PNP പ്രോഗ്രാമുകൾ റദ്ദാക്കി ഒൻ്റാരിയോ

ടൊറന്റോ: ഒന്റാരിയോയിലേയ്ക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെയും നിലവിൽ പൂളിലുള്ളവരെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് ഒന്റാരിയോ ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ മാറ്റം. ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (OINP) കീഴിലുള്ള നിലവിലുള്ള ഒൻപത് നോമിനേഷൻ കാറ്റഗറികളും പൂർണ്ണമായും റദ്ദാക്കിക്കൊണ്ടുള്ള പുതിയ ഭേദഗതികൾ 2026 മെയ് 30-ഓടെ പ്രാബല്യത്തിൽ വന്നു. ഈ പ്രോഗ്രാം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ നിയമപരിഷ്‌കാരമാണിത്. റദ്ദാക്കപ്പെട്ട സ്ട്രീമുകൾക്ക് പകരമായി എന്ത് സംവിധാനമാണ് വരുന്നത് എന്നതിനെക്കുറിച്ചോ, നിലവിൽ എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) നൽകി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ ഭാവി എന്താകുമെന്നതിനെക്കുറിച്ചോ പ്രവിശ്യാ സർക്കാർ വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പുതിയ ഭേദഗതി പ്രകാരം ഫോറിൻ വർക്കർ, ഇന്റർനാഷണൽ സ്റ്റുഡന്റ് വിത്ത് ജോബ് ഓഫർ, ഇൻ-ഡിമാൻഡ് സ്കിൽസ്, മാസ്റ്റേഴ്സ് ഗ്രാജുവേറ്റ്, പി.എച്ച്.ഡി ഗ്രാജുവേറ്റ്, ഹ്യൂമൻ കാപ്പിറ്റൽ പ്രയോറിറ്റീസ്, ഫ്രഞ്ച് സ്പീക്കിംഗ് സ്കിൽഡ് വർക്കർ, സ്കിൽഡ് ട്രേഡ്സ്, ഒൻട്രപ്രണർ എന്നീ ഒൻപത് പ്രധാന കാറ്റഗറികളാണ് പൂർണ്ണമായും ഇല്ലാതായത്. മെയ് 30-ന് ശേഷം ഈ കാറ്റഗറികളിലെ പഴയ യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് ആർക്കും നോമിനേഷന് അർഹതയുണ്ടായിരിക്കില്ല. ഇതോടൊപ്പം രണ്ട് പ്രധാന പ്രവർത്തന മാറ്റങ്ങളും പ്രവിശ്യ വരുത്തിയിട്ടുണ്ട്. ഇനി മുതൽ എല്ലാ പുതിയ EOI സ്ട്രീമുകളിലും ജനറൽ ഡ്രോകൾക്ക് പുറമെ പ്രത്യേക ലേബർ മാർക്കറ്റ് ആവശ്യകതകൾ മുൻനിർത്തി ‘ടാർഗെറ്റഡ് ഡ്രോകൾ’ നടത്താൻ OINP ഡയറക്ടർക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും. ഇതിൽ ഉയർന്ന റാങ്ക് നേടുന്നവർക്ക് മാത്രമേ അപേക്ഷിക്കാനുള്ള ക്ഷണം ലഭിക്കൂ.

രണ്ടാമതായി, ഒന്റാറിയോയിൽ നിന്നുള്ള ജോബ് ഓഫർ ആവശ്യമുള്ള ഏതൊരു കാറ്റഗറിയിലും അപേക്ഷിക്കണമെങ്കിൽ, കാനഡയിലെ തൊഴിലുടമ OINP ഡയറക്ടർക്ക് കീഴിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണമെന്നത് നിയമപരമായി നിർബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഒന്റാറിയോ സർക്കാർ പുറത്തുവിട്ട നിർദ്ദേശങ്ങൾ അനുസരിച്ച് രണ്ട് ഘട്ടങ്ങളായുള്ള പുനഃക്രമീകരണമാണ് ഇനി പ്രതീക്ഷിക്കുന്നത്.

ഒന്നാം ഘട്ടത്തിൽ നിലവിലുള്ള മൂന്ന് ജോബ് ഓഫർ സ്ട്രീമുകളെ ഒന്നിപ്പിച്ചു ഒറ്റ സ്ട്രീം ആക്കി മാറ്റും. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള സ്ട്രീമുകൾക്ക് പകരം പ്രയോറിറ്റി ഹെൽത്ഥ്കെയർ, ഒൻട്രപ്രണർ, എക്സെപ്ഷണൽ ടാലന്റ് എന്നീ മൂന്ന് പുതിയ പാതകൾ കൊണ്ടുവരുമെന്നും കരുതപ്പെടുന്നു. എന്നാൽ ഇവ കേവലം നിർദ്ദേശങ്ങൾ മാത്രമാണെന്നും ഇതിന്റെ ഔദ്യോഗിക യോഗ്യതാ മാനദണ്ഡങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ പൂളിലുള്ള പ്രൊഫൈലുകൾ പുതിയ സിസ്റ്റത്തിലേക്ക് മാറ്റപ്പെടുമോ അതോ റദ്ദാക്കപ്പെടുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

മുൻപ് 2025 ജൂലൈയിൽ എംപ്ലോയർ പോർട്ടൽ മാറിയപ്പോൾ പഴയ പ്രൊഫൈലുകൾ റദ്ദാക്കിയിരുന്നു എന്നത് അപേക്ഷകരിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. എങ്കിലും മെയ് 30-ന് മുൻപ് സമർപ്പിച്ച അപേക്ഷകൾ പഴയ നിയമപ്രകാരം തന്നെ പ്രോസസ്സ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി, പ്രവിശ്യാ ഇമിഗ്രേഷൻ മന്ത്രിക്ക് സ്ട്രീമുകൾ മാറ്റാൻ അധികാരം നൽകുന്ന പുതിയ നിയമ ഭേദഗതികൾക്ക് പിന്നാലെയാണ് ഈ അടിയന്തര നടപടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!