ലണ്ടൻ: പരമ്പരാഗത രാജകീയ രീതികളിൽ നിന്ന് മാറി പുതിയൊരു മാറ്റത്തിന് തുടക്കമിട്ട് ബ്രിട്ടീഷ് സിംഹാസനത്തിന്റെ അടുത്ത അവകാശിയായ വില്യം രാജകുമാരൻ. തന്റെ സ്വകാര്യ സ്വത്തായ ‘ഡച്ചി ഓഫ് കോൺവാൾ’ എസ്റ്റേറ്റിന്റെ 20 ശതമാനം ഭൂമി അടുത്ത പത്ത് വർഷത്തിനുള്ളിൽ വിൽക്കാൻ അദ്ദേഹം തീരുമാനിച്ചതായി പ്രമുഖ മാധ്യമമായ ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇങ്ങനെ ലഭിക്കുന്ന 500 മില്യൺ പൗണ്ട് (ഏകദേശം 5350 കോടിയിലധികം രൂപ) പ്രാദേശിക സമൂഹങ്ങളുടെ വികസനത്തിനായി നിക്ഷേപിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പരിസ്ഥിതി സംരക്ഷണം, പാർപ്പിടമില്ലാത്തവർക്കായി കുറഞ്ഞ ചിലവിലുള്ള ഭവനങ്ങൾ നിർമ്മിക്കുക എന്നിവയ്ക്കായിരിക്കും ഈ തുക പ്രധാനമായും വിനിയോഗിക്കുക. “ഞങ്ങൾ ഭൂമി കൈവശം വെച്ചിരിക്കുന്ന ഒരു പരമ്പരാഗത ഭൂവുടമ മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. അതിനപ്പുറം ഈ സമൂഹത്തിന് ചെയ്യാൻ കഴിയുന്ന ഒരുപാട് നല്ല കാര്യങ്ങളുണ്ട്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്,” വില്യം രാജകുമാരൻ വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്‌തു.

ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശിയായ പ്രിൻസ് ഓഫ് വെയ്ൽസിന് (നിലവിൽ വില്യം രാജകുമാരൻ) ഔദ്യോഗികവും വ്യക്തിപരവുമായ ചിലവുകൾക്കായി 14-ാം നൂറ്റാണ്ടിൽ നിലവിൽ വന്ന സ്വകാര്യ എസ്റ്റേറ്റാണിത്. 52,000 ഹെക്ടറിലധികം ഭൂമിയാണ് ഇതിന് കീഴിലുള്ളത്. 2025-ലെ റിപ്പോർട്ട് പ്രകാരം ഈ എസ്റ്റേറ്റിൽ നിന്ന് മാത്രം വില്യം രാജകുമാരന് പ്രതിവർഷം 22.9 മില്യൺ പൗണ്ട് (ഏകദേശം 245 കോടി രൂപ) വരുമാനമായി ലഭിക്കുന്നുണ്ട്. എസ്റ്റേറ്റിന്റെ മൊത്തം മൂല്യം 1 ബില്യൺ പൗണ്ടിലധികം (10,000 കോടി രൂപയിലേറെ) വരും. രാജകുടുംബത്തിന്റെ സ്വകാര്യ എസ്റ്റേറ്റുകൾ കേവലം വാണിജ്യ താല്പര്യങ്ങൾക്കായി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന രീതിയിൽ സമീപകാലത്തായി യുകെയിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് ജനക്ഷേമത്തിനായി തന്റെ ഭൂമി വിട്ടുകൊടുക്കാൻ വില്യം തയ്യാറായത്. കോൺവാൾ എസ്റ്റേറ്റിന്റെ ചരിത്രത്തിൽ ഇത്രയും വലിയൊരു ഭൂമി വില്പനയും പുനഃക്രമീകരണവും ആദ്യമായാണ്.തന്റെ വരുമാനത്തിന്റെ ഒരു ഭാഗം ജനങ്ങൾക്കായി മാറ്റിവെക്കുന്നതിലൂടെ രാജഭരണത്തെ പൊതുനന്മയ്ക്കായി ഉപയോഗിക്കുക എന്ന വലിയ സന്ദേശമാണ് വില്യം നൽകുന്നത്. രാജകുടുംബം തങ്ങളുടെ വ്യക്തിഗത ആസ്തികൾ പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി പരിവർത്തനം ചെയ്യുന്ന ഏറ്റവും വലിയ ചരിത്രപരമായ തീരുമാനമാണിതെന്ന് പ്രമുഖ ചരിത്രകാരന്മാർ വിലയിരുത്തുന്നു. ഇതോടെ ഭാവിയിൽ രാജകുടുംബത്തിന്റെ മറ്റ് ഭൂമികളും ഇത്തരത്തിൽ പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്.
