2026-ലെ ഫിഫ ലോകകപ്പിന് ആവേശകരമായ തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധ കവര്‍ന്ന് മെക്സിക്കോയില്‍ നിന്നുള്ള ഒരു വേറിട്ട ലോകകപ്പ് പ്രവചനം. ലോകകപ്പ് വേദികളിലൊന്നായ മെക്സിക്കന്‍ നഗരമായ ഗോദലഹാറയിലെ പ്രശസ്തമായ മൃഗശാലയിലെ അധികൃതരാണ് ജിറാഫ്, ഗൊറില്ല, പ്യൂമ, ആന എന്നീ മൃഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് കൗതുകം നിറഞ്ഞ പ്രവചന മത്സരം സംഘടിപ്പിച്ചത്. വരാനിരിക്കുന്ന പ്രധാന മത്സരങ്ങളില്‍ ഏത് രാജ്യമാകും വിജയിക്കുക എന്നറിയാന്‍ വന്‍ ജനക്കൂട്ടമാണ് മൃഗശാലയില്‍ തടിച്ചുകൂടിയത്.
മത്സരത്തിനായി ഓരോ മൃഗത്തിനും രണ്ട് വ്യത്യസ്ത ടീമുകളെയാണ് നല്‍കിയിരുന്നത്. ഇതില്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്ന സൗത്ത് ആഫ്രിക്കയും മെക്സിക്കോയും തമ്മിലുള്ള പോരാട്ടത്തില്‍ ആതിഥേയരായ മെക്സിക്കോ വിജയിക്കുമെന്നാണ് ആനകള്‍ പ്രവചിച്ചത്. മെക്സിക്കന്‍ പതാക സ്ഥാപിച്ച ഭാഗത്തെ പുല്ല് തിന്നാണ് ആനകള്‍ തങ്ങളുടെ പ്രവചനം നടത്തിയത്. അതേസമയം, കരുത്തരായ സ്പെയിനിനെ അട്ടിമറിച്ച് യുറുഗ്വായ് വിജയം നേടുമെന്നായിരുന്നു ഗൊറില്ലകളുടെ പ്രവചനം. ടീമുകളുടെ ജേഴ്സിയുടെ ആകൃതിയിലുള്ള പിനാറ്റകളില് നിന്നും യുറുഗ്വായുടെ ജേഴ്സി തിരഞ്ഞെടുത്താണ് ഗൊറില്ലകള്‍ കളം നിറഞ്ഞത്.

മറ്റു മത്സരങ്ങളുടെ പ്രവചനത്തിലും തികച്ചും അപ്രതീക്ഷിതമായ ഫലങ്ങളാണ് മൃഗങ്ങള്‍ നല്‍കിയത്. സൗത്ത് കൊറിയയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള മത്സരത്തില്‍ സൗത്ത് കൊറിയ വിജയിക്കുമെന്ന് ‘മുലുക്’ എന്ന് പേരുള്ള പ്യൂമ (ഒരിനം കാട്ടുപൂച്ച) പ്രവചിച്ചപ്പോള്‍, കൊളംബിയക്കെതിരായ മത്സരത്തില്‍ റിപബ്ലിക് ഓഫ് കോംഗോ വിജയം വരിക്കുമെന്നായിരുന്നു ജിറാഫുകളുടെ കൂട്ടായ പ്രവചനം. മൃഗങ്ങളുടെ ബുദ്ധിയും ഇന്ദ്രിയങ്ങളും ഉണര്‍ത്തുന്നതിനൊപ്പം കാണികള്‍ക്ക് മികച്ച വിനോദം നല്‍കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.
വന്യജീവികളെ ഉപയോഗിച്ചുള്ള ഇത്തരം ലോകകപ്പ് പ്രവചനങ്ങള്‍ ഫുട്ബോള്‍ ലോകത്ത് പുതിയതല്ല. 2010-ല്‍ സൗത്ത് ആഫ്രിക്ക ആതിഥ്യമരുളിയ ഫിഫ ലോകകപ്പിലായിരുന്നു ‘പോള്‍ നീരാളി’ (Paul the Octopus) ഇത്തരത്തില്‍ പ്രവചനങ്ങള്‍ നടത്തി ആഗോളതലത്തില്‍ ശ്രദ്ധ നേടിയത്. അന്ന് നെതര്‍ലാന്റ്സിനെ പരാജയപ്പെടുത്തി സ്പെയിന് ലോകകപ്പ് ജേതാക്കളാകും എന്നതടക്കം പോള്‍ നടത്തിയ കൃത്യമായ പ്രവചനങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ ഓര്‍മ്മകളെ പുതുക്കുന്നതാണ് മെക്സിക്കോയില്‍ നിന്നുള്ള ഈ പുതിയ കൗതുക കാഴ്ചകള്‍.
