യുഎസ് ഭരണകൂടത്തിന്റെ വിപുലീകൃത യാത്രാ നിരോധനത്തിന്റെ ഭാഗമായി ഗ്രീൻ കാർഡ്, വർക്ക് പെർമിറ്റ്, അഭയാർത്ഥി അപേക്ഷകൾ എന്നിവ മരവിപ്പിച്ച നടപടി യുഎസ് ഫെഡറൽ കോടതി തടഞ്ഞു.
റോഡ് ഐലൻഡ് ഡിസ്ട്രിക്ട് ജഡ്ജി ജോൺ മക്കോണൽ 39 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരെ ലക്ഷ്യമിട്ടുള്ള ഈ നിരോധനം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി. 135 പേജുള്ള വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടിയത്, ദേശീയ സുരക്ഷയുടെ പേരിൽ അപേക്ഷകൾ അനിശ്ചിതകാലം കെട്ടിവെക്കാൻ ഇമിഗ്രേഷൻ വകുപ്പിന് യാതൊരു നിയമപരമായ അധികാരവും ഇല്ലെന്നാണ്.

നിയമപരമായി അപേക്ഷ നൽകിയ ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് ഈ വിധി വലിയ ആശ്വാസമാണ്. കോടതി ഉത്തരവ് പ്രകാരം മരവിപ്പിച്ച എല്ലാ അപേക്ഷകളുടെയും പ്രോസസിങ് ഉടൻ പുനരാരംഭിക്കണമെന്ന് യുഎസ് ഇമിഗ്രേഷൻ അധികൃതർക്ക് നിർദേശം ലഭിച്ചു. പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ളവരെന്ന കാരണത്താൽ മാത്രം അപേക്ഷകരോട് സംശയത്തോടെ പെരുമാറരുതെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) ഈ വിധിയെ രൂക്ഷമായി വിമർശിച്ചു. ഇത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് അവരുടെ പ്രതികരണം.

