മൺട്രിയോൾ: തെരുവിൽ കഴിയുന്ന ഭവനരഹിതനായ വ്യക്തിയുടെ മേൽ പൊലീസ് ഉദ്യോഗസ്ഥൻ മൂത്രമൊഴിച്ചതായി ഗുരുതര ആരോപണം. മൺട്രിയോളിലാണ് മനുഷ്യത്വരഹിതമായ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മൺട്രിയോൾ ഡൗൺടൗൺ മേഖലയിലെ സ്റ്റേഷൻ 21-ലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. ഡ്യൂട്ടിയിലായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ പൊതുനിരത്തിൽ ഉറങ്ങിക്കിടന്ന ഭവനരഹിതനായ വ്യക്തിയുടെ മേൽ മനഃപൂർവം മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് ആദ്യത്തെ ആരോപണം. കഴിഞ്ഞ 18 മാസമായി ഇയാൾ ഇത്തരം അതിക്രമങ്ങൾ ക്യാമറയിൽ പകർത്തി സ്വകാര്യ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. കൂടെ ജോലി ചെയ്യുന്ന മറ്റ് സഹപ്രവർത്തകർ തന്നെയാണ് ഈ ക്രൂരത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.മറ്റൊരു സംഭവത്തിൽ, അറസ്റ്റ് ചെയ്ത പ്രതിയെ അപമാനിക്കുന്ന രീതിയിൽ ചിത്രങ്ങൾ എടുക്കുകയും പരിഹസിക്കുകയും ചെയ്തതിനാണ് രണ്ടാമത്തെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ മൺട്രിയോൾ പൊലീസിന്റെ പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് ഡിവിഷൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരമായ പ്രവൃത്തിയെ മൺട്രിയോൾ മേയറും പൊലീസ് യൂണിയനും ശക്തമായ ഭാഷയിൽ അപലപിച്ചു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
