Sunday, June 7, 2026

ചരിത്രത്തിലാദ്യം; ഇന്ത്യയില്‍ ജനനനിരക്കില്‍ വന്‍ ഇടിവ്, ഭാവിയില്‍ ജനസംഖ്യ കുറയാന്‍ സാധ്യത!

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചരിത്രത്തിലാദ്യമായി ആകെ ജനനനിരക്കില്‍ (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് – TFR) വന്‍ ഇടിവ് രേഖപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ജനസംഖ്യാ സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ പരിധിയേക്കാള്‍ (റീപ്ലേസ്മെന്റ് ലെവല്‍) താഴേക്ക് രാജ്യത്തെ ജനനനിരക്ക് എത്തിയിരിക്കുകയാണ്. ഒരു സ്ത്രീ പ്രസവിക്കാന്‍ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണത്തെയാണ് ആകെ ജനനനിരക്കായി കണക്കാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ട 2024-ലെ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (എസ്.ആര്‍.എസ്) സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ടിലാണ് രാജ്യത്തെ നിര്‍ണായകമായ ഈ ജനസംഖ്യാ വ്യതിയാനം വ്യക്തമാക്കുന്നത്.

1950-കളില്‍ ഒരു സ്ത്രീക്ക് ശരാശരി ആറ് കുട്ടികള്‍ എന്ന നിലയിലായിരുന്ന ഇന്ത്യയിലെ ജനനനിരക്ക്, ഇപ്പോള്‍ ജനസംഖ്യാ സ്ഥിരത ഉറപ്പാക്കുന്ന 2.1 എന്ന മാനദണ്ഡത്തിനും താഴെയായി കുറഞ്ഞിരിക്കുകയാണ്. നിലവില്‍ രാജ്യത്തെ ജനസംഖ്യ 145 കോടിയോളമാണ്. 2023-ല്‍ ചൈനയെ മറികടന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു. വരും വര്‍ഷങ്ങളിലും രാജ്യത്തെ ജനസംഖ്യയില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ജനനനിരക്ക് വീണ്ടും 2.1 എന്ന നിരക്കിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയിലെ ആകെ ജനസംഖ്യയില്‍ വലിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജനനനിരക്കില്‍ വലിയ പ്രാദേശിക വ്യത്യാസങ്ങള്‍ പ്രകടമാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ജനനനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ബിഹാറിലാണ് (2.9). ഉത്തര്‍പ്രദേശ് (2.6), മധ്യപ്രദേശ് (2.4), രാജസ്ഥാന്‍ (2.3) എന്നിവയാണ് ജനനനിരക്കില്‍ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. അതേസമയം, രാജ്യത്ത് ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയത് തലസ്ഥാനമായ ഡല്‍ഹിയിലാണ് (1.2). കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 1.3 ആണ് ജനനനിരക്ക്. ആന്ധ്രാപ്രദേശ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ 1.4 ഉം, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ 1.5 മാണ് രേഖപ്പെടുത്തിയ ജനനനിരക്ക്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!