ഓട്ടവ: ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ലോകമെമ്പാടുമുള്ള കാണികളെയും സഞ്ചാരികളെയും വരവേല്‍ക്കാന്‍ ടൊറന്റോ, വന്‍കൂവര്‍ നഗരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍, അന്താരാഷ്ട്ര തലത്തിലുള്ള ഈ വന്‍ ജനത്തിരക്ക് യുവജനങ്ങളെയും കുട്ടികളെയും ലക്ഷ്യം വെച്ചുള്ള മനുഷ്യക്കടത്തിന്റെ വലിയൊരു ഭീഷണിക്ക് വഴിതുറക്കുമെന്നാണ് പുറത്തുവരുന്ന മുന്നറിയിപ്പ്. ലോകകപ്പ് പോലുള്ള വലിയ കായിക മാമാങ്കങ്ങള്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് വലിയ അവസരങ്ങളാണ് ഒരുക്കുന്നതെന്ന് ടൊറന്റോയിലെ ചില്‍ഡ്രന്‍സ് എയ്ഡ് സൊസൈറ്റി സിഇഒ ലിസ ടോംലിന്‍സണ്‍ വ്യക്തമാക്കി.
വന്‍തോതില്‍ ടൂറിസ്റ്റുകള്‍ എത്തുന്നതും ടൂര്ണമെന്റിനോട് അനുബന്ധിച്ച് നടക്കുന്ന പ്രീ-പോസ്റ്റ് പാര്‍ട്ടികളും കുട്ടികളെ പ്രത്യേകിച്ച് ലൈംഗിക ചൂഷണങ്ങള്‍ക്കായി കടത്തുന്ന സംഘങ്ങള്‍ക്ക് സാഹചര്യമൊരുക്കുന്നു. കുട്ടികളും കൗമാരക്കാരും തങ്ങളുടെ ഫോണുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി നിരീക്ഷിക്കുക എന്നത് മാതാപിതാക്കള്‍ക്ക് കടുത്ത വെല്ലുവിളിയാണ്. വൈകാരികമായ പ്രതിസന്ധികള്‍ നേരിടുന്നവരെയും പാര്ശ്വവല്ക്കരിക്കപ്പെട്ടതുമായ കുട്ടികളെയാണ് ഇത്തരം സംഘങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. പണം, ആഹാരം, വിലകൂടിയ വസ്ത്രങ്ങള്‍, വലിയ പാര്‍ട്ടികളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്താണ് ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നത്.

ഗ്രാമപ്രദേശങ്ങളിലെയും നഗരങ്ങളിലെയും ഒരുപോലെ കുട്ടികള്‍ ഇത്തരം അന്താരാഷ്ട്ര ഇവന്റുകളുടെ സമയത്ത് വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. കുട്ടികളെ പ്രലോഭിപ്പിച്ച് ഒരു പ്രവിശ്യയില്‍ നിന്നും മറ്റ് പ്രവിശ്യകളിലേക്ക് ഇത്തരം ആവശ്യങ്ങള്‍ക്കായി കടത്താറുണ്ടെന്നും, ബ്രിട്ടീഷ് കൊളംബിയയിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഇതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മുന്‍പൊരിക്കലും ഇല്ലാത്തവിധം കുട്ടികളുടെ പക്കല്‍ പെട്ടെന്ന് വിലകൂടിയ പുതിയ വസ്ത്രങ്ങളോ സമ്മാനങ്ങളോ കാണപ്പെടുക, ആരോടും പറയാതെ വൈകുന്നതുവരെ പുറത്തുനില്ക്കുക എന്നിവയെല്ലാം ഇത്തരം കെണികളില്‍ അകപ്പെടുന്നതിന്റെ ലക്ഷണങ്ങളാകാം.
കുട്ടികള്‍ പുറത്തുപോകുമ്പോള്‍ കൃത്യമായ സുരക്ഷാ പ്ലാനുകള്‍ ഉണ്ടെന്ന് മാതാപിതാക്കളും രക്ഷിതാക്കളും ഉറപ്പുവരുത്തണം. അടിയന്തര ഘട്ടങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും മാതാപിതാക്കളെയോ അല്ലെങ്കില്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്ന മറ്റ് കുടുംബ സുഹൃത്തുക്കളെയോ വിളിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കണം. പലപ്പോഴും വഴക്കു കേള്‍ക്കുമെന്ന ഭയം കൊണ്ടാണ് കുട്ടികള്‍ കാര്യങ്ങള്‍ തുറന്നു പറയാത്തത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനും മുന്‍കരുതലുകള്‍ എടുക്കാനും ടൊറന്റോ ചില്‍ഡ്രന്‍സ് എയ്ഡ് സൊസൈറ്റിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാമെന്നും ലിസ ടോംലിന്‍സണ്‍ നിര്‍ദേശിച്ചു.
